പളനിവേല്‍ ത്യാഗരാജനാണ് തമിഴ്നാടിന്റെ പുതിയ ധനമന്ത്രി. എം.കെ.സ്റ്റാലിന് ത്യാഗരാജനെ ധനമന്ത്രിയാക്കിയതിന് മുമ്പില്‍ വ്യക്തവും സ്പഷ്ടവുമായുള്ള നിരവധി കാരണങ്ങള്‍ ഉണ്ട്. തിരുച്ചി എന്‍ഐടിയില്‍ നിന്ന് എഞ്ചിനിയറിംഗ് ബിരുദം ഉള്ള ആള്. അവിടെ തീരുകയല്ല, തുടങ്ങുകയാണ് ത്യാഗരാജന്റെ വിദ്യാഭ്യാസ യോഗ്യതപട്ടിക. അക്കമിട്ട് നിരത്തിയാല്‍
* എന്‍ഐടി ബിരുദം
* എംബിഎ ( മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സ്ലോവന് സ്കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന്)
* ഡോക്ടറേറ്റ് ( ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ നിന്ന്)
കൂടാതെ, അമേരിക്കയിലെ ലീമാന് ബ്രദേഴ്സില്‍ നിന്ന് കരിയര്‍ കുടങ്ങിയ ത്യാഗരാജന് പിന്നീട് സിംഗപ്പൂരിലെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ മാനേജിംഗ് ഡയറക്ടറും ആയി. ത്യാഗരാജന്റെ ജീവിതപങ്കാളി യുഎസ് പൗരയായ മാര്‍ഗരറ്റ് ആണ്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കഥ കൂടി പറയും ത്യാഗരാജന്റെ അനുഭവക്കുറിപ്പ്. ഇതൊക്കെ പ്രവിലേജ്ഡ് ആയ വിഭാഗത്തിന്റെ യോഗ്യതകളും നേട്ടങ്ങളും ആയി നമുക്ക് കാണാം, കണ്ണടയ്ക്കാം. എന്നാല്‍ ധനകാര്യം പോലൊരു അതിപ്രാധാന്യമുള്ള വകുപ്പിലേക്ക് എത്തേണ്ടവര്‍ക്ക് യോഗ്യതകളും അറിവും ദീര്‍ഘദര്‍ശനവും അനിവാര്യമാണെന്ന് തെളിയിച്ച കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. അഞ്ച് ലക്ഷം കോടി രൂപയുടെ കടബാദ്ധ്യത ഉള്ള തമിഴ്നാടിന് ഇപ്പോള്‍ ആവശ്യം മികച്ചൊരു ധനമന്ത്രി ആണെന്നതിലും സംശയമില്ല. ഒന്നരലക്ഷം കോടിയുടെ റവന്യുകമ്മിയും സംസ്ഥാനം നേരിടുന്നു. കണക്കുകള്‍ പറഞ്ഞത് കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്തെ ഭരിച്ച മുന്നണിയിലെ ധനമന്ത്രി ഒ. പനീര്‍ശെല്‍വമാണ്. അദ്ദേഹത്തെ നിയമസഭയില്‍ വച്ച് തന്നെ ചോദ്യങ്ങളും വാദങ്ങളും കൊണ്ട് നേരിട്ട വ്യക്തി കൂടിയാണ് ത്യാഗരാജന്.
വ്യക്തമായ രാഷ്ട്രീയ പാരമ്പര്യമുണ്ട് ത്യാഗരാജന്. അദ്ദേഹത്തിന്റെ പിതാവ് പിടിആര്‍ പളനിവേല്‍ രാജന് തമിഴ്നാട് സ്പീക്കറും മന്ത്രിയുമായിരുന്നു. പിതാവിന്റെ പിതാവ് പിടി രാജന് 1936ല്‍ മദ്രാസ് പ്രവിശ്യയുടെ മുഖ്യമന്ത്രിയും ആയിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ത്യാഗരാജന് നിയമസഭയില്‍ എത്തുന്നത്. മധുരൈ സെന്‍ട്രലാണ് നിയോജക മണ്ഡലം. തമിഴ്നാടിന്റെ ധനകാര്യം ത്യാഗരാജനെ ഏല്‍പ്പിക്കുമ്പോള്‍ എംകെ സ്റ്റാലിനും തീര്‍ച്ചയായും ഉറപ്പിച്ചിട്ടുണ്ടാകും, വകുപ്പ് ഭദ്രമാകുമെന്ന്. പറയുന്ന യോഗ്യതകളും അനുഭവപരിജ്ഞാനവും പ്രവര്‍ത്തിയിലും ആവര്‍ത്തിച്ചാല്‍ ത്യാഗരാജനെന്ന ധനമന്ത്രി ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമാകും.