കാക്കനാട്: തൃക്കാക്കര നഗരസഭ ഓണസമ്മാന വിവാദം ചെയര്‍പേഴ്സണെ കുടുക്കാന്‍ നടന്ന ആസൂത്രിത നീക്കമെന്ന് കോണ്‍ഗ്രസിന്റെ റിപ്പോർട്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ്കളിയുടെ ഭാഗമാണ് വിവാദമെന്ന നിഗമനത്തിലെത്തിയ റിപ്പോര്‍ട്ട് നേതൃത്വത്തിന് കൈമാറും. തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിക്ക് ഒപ്പം പതിനായിരം രൂപ നല്‍കിയെന്നായിരുന്നു വിവാദ പരാതി.
സംഭവം വിവാദമായതോടെ തെളിവെടുപ്പ് നടത്താന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് നിര്‍ദേശിക്കുകയായിരുന്നു. വിവാദം സത്യമാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്നും പാര്‍ട്ടി നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കമാണ് ഇത്തരമൊരു വിവാദത്തിലേക്കെത്തിയതെന്നാണ് തെളിവെടുപ്പില്‍ കണ്ടെത്തിയിരിക്കുന്നത്.
ഓണസമ്മാനമായി 10,000 രൂപ കിട്ടിയിട്ടില്ലെന്നും ചെയര്‍പേഴ്സണ്‍ പണം കവറില്‍ കൊടുക്കുന്നത് നേരില്‍ കണ്ടിട്ടില്ലെന്നുമാണ് തെളിവെടുപ്പില്‍ ഭൂരിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരും പറഞ്ഞത്. എന്നാല്‍, പങ്കുള്ളതായി സംശയിക്കുന്നുവെന്ന മൊഴിയും നല്‍കിയിട്ടുണ്ട്.