ന്യൂഡല്‍ഹി : ഫെബ്രുവരിയില്‍ രാജ്യത്ത് ഒമൈക്രോണ്‍ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം പരമാവധയിലെത്തുമെന്നും, പ്രതിദിനം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനിടയുണ്ടെന്ന് ഐഐടി ഗവേഷകരുടെ മുന്നറിയിപ്പ്. എന്നാല്‍ ഇത് രണ്ടാം തരംഗത്തിന്റെ അത്രയും ഗുരുതരമാകില്ലെന്നും ഗവേഷകര്‍ പറയുന്നു.
പക്ഷേ ഇത്തരം പ്രവചനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്സീന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കിയേക്കും. പ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ യോഗത്തില്‍ ഇതുസംബന്ധിച്ച ധാരണയായി. ശുപാര്‍ശ ആരോഗ്യമന്ത്രാലയത്തിന് കൈമാറുന്നതിന് മുന്‍പ് സമിതി ഒരിക്കല്‍ കൂടി സ്ഥിതി വിലയിരുത്തും. നിലവിലുള്ള വാക്സീനുകള്‍ ഒമൈക്രോണിനെതിരെ ഫലപ്രദമാകുമോ എന്നറിയാന്‍ ഒന്നോ രണ്ടോ ആഴ്ച കൂടി കാത്തിരിക്കാനാണ് തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ ധാരണയായത്. രാജ്യത്തു ബൂസ്റ്റര്‍ ഡോസ് അടിയന്തരമായി നല്‍കണമെന്ന ആവശ്യം ശക്തമാണ്.