തിരുവനന്തപുരം: ശബരിമല വിഷയത്തിലെ നിലപാടില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ അവസാനം സിപിഎമ്മും എന്‍.എസ്എസും നേര്‍ക്കുനേര്‍. മുഖ്യമന്ത്രി പിണറായി വജയന് നയിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി എന്‍.എസ്എസ് ജനറല്‍ സെക്രട്ടറിക്കെതതിരെ പരാമര്‍ശം നടത്തയിത്. ഇതിനെതിരെ എന്‍എസ്എസും രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍എസ്എസ് നടത്തുന്ന തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ സംശയങ്ങളുയരുന്നുണ്ടെന്നും . എന്താണ് അങ്ങനെ പ്രത്യേക പെരുമാറ്റത്തിന് കാരണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോട് ചോദിക്കണമെന്നും പിണറായി പറഞ്ഞു. സര്‍ക്കാരിനോട് ഒരു പെരുമാറ്റം ഉണ്ടെന്ന് നാട്ടില്‍ ഒരു അഭിപ്രായം ഉയരുന്നുണ്ട്. അത് സുകുമാരന്‍ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണ്.എനിക്ക് എന്‍എസ്എസുമായി ഒരു പ്രശ്നവുമില്ല. സര്ക്കാരിനുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു
മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി ജി.സുകുമാരന്‍ നായരും രംഗത്ത് എത്തി. രാഷ്ട്രീയമായി സമദൂര സിദ്ധാന്തമാണ് ഇപ്പോഴും പിന്തുടരുന്നതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ വിവാദങ്ങളെ ചുറ്റിപ്പറ്റിയോ ഒരിക്കലും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍.എസ്.എസ് ഉന്നയിച്ച മൂന്ന് കാര്യങ്ങളില്‍ എന്ത് രാഷ്ട്രീയമാണുളളതെന്ന് അത് ഉന്നയിക്കുന്നവര്‍ പറയണം. എന്‍.എസ്.എസിനെയോ അതിന്റെ നേതൃത്വത്തെയോ വിരട്ടാമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്നും മുഖ്യമന്ത്രിക്ക് നല്കിയ മറുപടിയില്‍ എന്‍.എസ്.എസ് പറയുന്നു.മൂന്ന് വിഷയങ്ങളാണ് എന്‍.എസ്.എസ് സര്‍ക്കാരിനോട് ഉന്നയിച്ചത്. ഈ ആവശ്യങ്ങളില്‍ രാഷ്ട്രീയമില്ല. ശബരിമലയില്‍ യുവതീ പ്രവേശനത്തില്‍ ഭക്തജനങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുക്കണം എന്നതായിരുന്നു ഒന്നാമത്. ശബരിമല വിഷയം എവിടെ നില്‍ക്കുന്നുവെന്ന് ഇപ്പോള്‍ എല്ലാവര്ക്കും അറിയാം. ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ 10 ശതമാനം സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കണം എന്നതാണ് രണ്ടാമത് ആവശ്യപ്പെട്ടത്. സാമ്പത്തിക സംവരണം കേരളത്തില്‍ നടപ്പാക്കുന്നതിനുളള കമ്മീഷന് റിപ്പോര്‍ട്ട് കേരളം അംഗീകരിച്ചത് 2020 ജനുവരി മൂന്നിനാണ്. സാമ്പത്തിക സംവരണം ലഭിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ ഇതുവരെ ആര്‍ക്കും പ്രയോജനം ലഭിച്ചിട്ടില്ല.മന്നം ജയന്തി ദിനം സംബന്ധിച്ചാണ് മൂന്നാമത് കാര്യം. മന്നം ജയന്തിയായ ജനുവരി രണ്ടിന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പരിധിയില്‍പെടുത്തി അവധിദിനമായി പരിഗണിക്കണം. പലതവണ ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടും നിസാരമായി തളളിയെന്നും എന്‍.എസ്.എസ് ആരോപിക്കുന്നു.