സോൾ: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് അവകാശപ്പെട്ട് ഉത്തര കൊറിയ. വ്യാഴാഴ്ചയാണ് ഹ്വാസോങ്–17 എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചതെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമം അറിയിച്ചു. ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ, പ്യോങ്യാങ് രാജ്യാന്തര വിമാനത്താവളത്തിലെ മൊബൈൽ ലോഞ്ചറിൽനിന്നാണ് വ്യാഴാഴ്ച വിക്ഷേപണം നടത്തിയത്.
‘ആണവയുദ്ധത്തിന് ശക്തമായ പ്രതിരോധം’ എന്നാണ് പരീക്ഷണത്തെ ഔദ്യോഗിക മാധ്യമം വിശേഷിപ്പിച്ചത്. യുഎസുമായി നടക്കാൻ സാധ്യതയുള്ള സൈനിക ഏറ്റുമുട്ടലിന് രാജ്യത്തിന്റെ സേന പൂർണ്ണമായും സജ്ജമാണെന്ന് കിം പറഞ്ഞതായും അവർ വ്യക്തമാക്കി. 2017നു ശേഷം ആദ്യമായാണ് ഉത്തരകൊറിയ ഇത്രയും വലിയ പരീക്ഷണം നടത്തുന്നത്. അമേരിക്ക മുഴുവൻ മിസൈലിന്റെ പരിധിയിൽ വരും. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കുന്നതിന് ഉത്തരകൊറിയയ്ക്ക് യുഎസിന്റെ വിലക്കുണ്ട്. ഇതിന്റെ പേരിൽ കടുത്ത ഉപരോധങ്ങളും നേരത്തെ ഏർപ്പെടുത്തിയിരുന്നു.
2017 നവംബറിൽ ഉത്തരകൊറിയ പരീക്ഷിച്ച് ഹ്വാസോങ്–15 എന്ന മിസൈലിന്റെ ദൂരപരിധി 13,000 കിലോമീറ്ററായിരുന്നു (8,080 മൈൽ). ഏകദേശം അമേരിക്ക മുഴുവൻ ഇതിനുള്ളിൽ വരും. ഇപ്പോൾ പരീക്ഷണം നടത്തിയ ഹ്വാസോങ്–17ന് ഇതിൽ കൂടുതൽ ദൂരപരിധിയുണ്ട്.