Home KERALA നിയമസഭാ തിരഞ്ഞെടുപ്പ്; ഏപ്രിലില്‍ ആദ്യം വേണമെന്ന് രണ്ട് എല്‍.ഡി.ഫും യു.ഡി.ഫും; മേയില്‍ മതിയെന്ന് ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പ്; ഏപ്രിലില്‍ ആദ്യം വേണമെന്ന് രണ്ട് എല്‍.ഡി.ഫും യു.ഡി.ഫും; മേയില്‍ മതിയെന്ന് ബിജെപി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഏപ്രില്‍ 14ന് മുന്‍പ് നടത്തണമെന്ന നിര്‍ദേശം യുഡിഎഫും എല്‍ഡിഎഫും തിരഞ്ഞെടുപ്പു കമ്മിഷനുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടു വച്ചു. വിഷുവും റംസാനും പരിഗണിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. ഏപ്രില്‍ 8നും 12നും ഇടയില്‍ തിരഞ്ഞെടുപ്പു നടത്താമെന്ന് യുഡിഎഫ് നിലപാടെടുത്തു. തിരഞ്ഞെടുപ്പ് നീട്ടരുതെന്നു ഇരുമുന്നണികളും ആവശ്യപ്പെട്ടപ്പോള്‍ മേയ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്താമെന്ന നിര്‍ദേശം ബിജെപി മുന്നോട്ടുവച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പ് മെയ് 16ന് ആയിരുന്നു. ജൂണ്‍ ഒന്നിനകം പുതിയ സര്‍ക്കാര്‍ അധികാരത്തിലേറണം.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ 12നാണ് കേരളത്തിലെത്തിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് സംഘത്തിലുള്ളത്. 15 വരെ സംഘം കേരളത്തിലുണ്ടാകും.
ഇന്ന് രാവിലെ 10ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുമായും പൊലീസ് നോഡല്‍ ഓഫിസറുമായും സംഘം കൂടിക്കാഴ്ച നടത്തി. ഇതിനുശേഷമാണ് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാരുമായും എസ്പിമാരുമായും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യനിര്‍വഹണ ഏജന്‍സികളുമായും കമ്മിഷന്‍ ആശയവിനിമയം നടത്തും.
കലാശക്കൊട്ട് നിയന്ത്രണങ്ങളോടെ നടത്താന്‍ അനുവദിക്കണമെന്നു പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പോസ്റ്റല്‍വോട്ട് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളുണ്ടെന്നും തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കേന്ദ്രസേനയെ കൊണ്ടു വരണമെന്നും ബിജെപി നിലപാടെടുത്തു. കള്ളവോട്ട് തടയാന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു യുഡിഎഫ് പ്രതിനിധികളുടെ ആവശ്യം. മലപ്പുറം പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടത്തണമെന്ന നിര്‍ദേശം ലീഗ് മുന്നോട്ടുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here