Home Top News കതിര്‍മണ്ഡപത്തിലേക്ക് കൈപിടിച്ചു നടത്താന്‍ ഒപ്പമുള്ളത് മൂന്നു മുത്തശ്ശിമാര്‍; വിവാഹം തവനൂര്‍ വൃദ്ധസദനത്തില്‍

കതിര്‍മണ്ഡപത്തിലേക്ക് കൈപിടിച്ചു നടത്താന്‍ ഒപ്പമുള്ളത് മൂന്നു മുത്തശ്ശിമാര്‍; വിവാഹം തവനൂര്‍ വൃദ്ധസദനത്തില്‍

വര്‍ഷങ്ങളോളം മുത്തശ്ശിമാരുടെ സ്‌നേഹവായ്പില്‍ വളര്‍ന്ന നിരഞ്ജനയ്ക്ക് അതു തിരികെ നല്‍കാന്‍ ഒരു സുവര്‍ണ മുഹൂര്‍ത്തം ലഭിച്ചിരിക്കുകയാണ്. നിരജ്ഞന ആരെന്നല്ലെ!

നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനും മുന്‍ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ മകളാണ് നിരഞ്ജന. നിരഞ്ജനക്ക് മൂന്നു മുത്തശ്ശിമാരാണുള്ളത്. അച്ഛമ്മ സീതാലക്ഷ്മി, അമ്മമ്മ രത്‌നവല്ലി, പിന്നെ ഉമ്മൂമ്മ ഫാത്തിമ അബൂബക്കറും!

ഞായറാഴ്ച വിവാഹിതയാകുന്ന നിരഞ്ജനയ്‌ക്കൊപ്പം ഇന്നലെ സീതാലക്ഷ്മിയും ഫാത്തിമ അബൂബക്കറും പെരിന്തല്‍മണ്ണയില്‍ വീട്ടിലുണ്ടായിരുന്നു. ശ്രീരാമകൃഷ്ണന്‍ പൊന്നാനി എംഎല്‍എയായിരുന്ന കാലഘട്ടത്തിലാണ് ഫാത്തിമയെന്ന മുത്തശ്ശിയുടെ വാത്സല്യം നിരഞ്ജനയ്ക്കു ലഭിച്ചു തുടങ്ങുന്നത്.

ഈശ്വരമംഗലം സ്വദേശിയായ കുന്നത്തു വളപ്പില്‍ ഫാത്തിമയുടെ വിദേശത്തുള്ള മകളുടെ വീട്ടിലായിരുന്നു അന്ന് ശ്രീരാമകൃഷ്ണന്റെ താമസം. രണ്ടു കുടുംബങ്ങളും തമ്മിലുള്ള ഹൃദയബന്ധം നാള്‍ക്കു നാള്‍ വളര്‍ന്നു. ശ്രീരാമകൃഷ്ണന് ഫാത്തിമ സ്വന്തം അമ്മയെപ്പോലെയായിരുന്നു. അതോടെ നിരഞ്ജനയ്ക്ക് മറ്റൊരു മുത്തശ്ശിയെക്കൂടി കിട്ടി. പേരക്കുട്ടിയുടെ കല്യാണ വിശേഷങ്ങളറിയാനും അനുഗ്രഹം നല്‍കാനുമായാണ് ഇന്നലെ ഫാത്തിമയും ഭര്‍ത്താവ് കെ.വി. അബൂബക്കറും കുടുംബവും പെരിന്തല്‍മണ്ണയിലെ ശ്രീരാമകൃഷ്ണന്റെ വീട്ടിലെത്തിയത്.

തവനൂര്‍ വൃദ്ധസദനത്തില്‍ വച്ചു കല്യാണം നടത്താമെന്ന നിരഞ്ജനയുടെ ആഗ്രഹത്തിന് ഈ രണ്ടു മുത്തശ്ശിമാരും അകമഴിഞ്ഞ സപ്പോര്‍ട്ടാണ് നല്‍കിയത്. ആഢംബരം നിറഞ്ഞ പന്തലില്ല, നിറഞ്ഞ മനസ്സില്‍നിന്നു വരുന്ന ആശീര്‍വാദമാണ് വലുതെന്ന് ഇവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അറിയാന്‍ കഴിയുക. തിരുവനന്തപുരം പി.ടി.നഗര്‍ വൈറ്റ്‌പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീത് ആണ് നിരഞ്ജനയുടെ പ്രതിശ്രുത വരന്‍. തവനൂര്‍ വൃദ്ധസദനത്തില്‍ ഞായര്‍ രാവിലെ ഒന്‍പതിന് ചടങ്ങുകള്‍ നടക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് കല്യാണത്തില്‍ പങ്കെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here