പുതുനിരകളാകും രണ്ടാം പിണറായി മന്ത്രിസഭയില്‍ എത്തുകയെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുള്‍പ്പെടെ പതിമൂന്ന് പേരാകും സിപിഎമ്മില്‍ നിന്ന് മന്ത്രിസഭയില്‍ എത്തുന്നത്. പിണറായി വിജയന് നയിക്കുന്ന സിപിഎം മന്ത്രിസഭയില്‍ കെ.കെ.ശൈലജ, എംവി ഗോവിന്ദന്, കെ രാധാകൃഷ്ണന് എന്നിവര്‍ ഉറപ്പായും ഉണ്ടാകും. പി.രാജീവ്, കെഎന്‍ ബാലഗോപാല്‍ എന്നിവര്‍ക്കും മന്ത്രിസഥാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ യുവമുഖം എം.ബി.രാജേഷ് ഉറപ്പായും ക്യാബിനറ്റില്‍ ഉണ്ടാകുമെന്നും പറയുന്നു. എഎന്‍ ഷംസീറിനാകും മുഹമ്മദ് റിയാസിനെക്കാള്‍ സാധ്യത കല്പിക്കുന്നത്. എസി മൊയ്തീനും സിഎച്ച് കുഞ്ഞമ്പുവിനും കൂടുതല്‍ സാധ്യതയുണ്ട്. സജി ചെറിയാന്റെ പേരും ഇതിനിടയില്‍ പറഞ്ഞു കേള്‍ക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രിയായ കടകംപള്ളിക്ക് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കുമോ എന്നത് സംശയമാണ്. നേമത്തെ മിന്നും വിജയശില്പി വി ശിവന്‍കുട്ടിയാകും തിരുവനന്തപുരത്ത് നിന്ന് മന്ത്രിസഭയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. കെകെ ശൈലജയ്ക്ക് പുറമെ വീണാ ജോര്‍ജ്ജോ കാനത്തില്‍ ജമീലയോ സഭയിലെ വനിതാ പ്രതിനിധി ആകും. നിലവിലെ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ മാത്രമാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. പി.നന്ദകുമാര്‍, പി.മമ്മിക്കുട്ടി, വി. അബ്ദുറഹ്മാന് എന്നിവരുടെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.