Home Top News ഡാന്‍സു കളിച്ചതിന്റെ പേരില്‍ സൈബര്‍ ഇടങ്ങളിലെ വിവാദങ്ങളും വിദ്വേഷ പ്രചരണങ്ങളൊന്നും തങ്ങളെ ബാധിക്കില്ല; ...

ഡാന്‍സു കളിച്ചതിന്റെ പേരില്‍ സൈബര്‍ ഇടങ്ങളിലെ വിവാദങ്ങളും വിദ്വേഷ പ്രചരണങ്ങളൊന്നും തങ്ങളെ ബാധിക്കില്ല; വിമര്‍ശകര്‍ക്ക് മറുപടിയുമായി വീണ്ടും ഡാന്‍സുമായി നവീനും ജാനകിയും

ഡാന്‍സു കളിച്ചതിന്റെ പേരില്‍ സൈബര്‍ ഇടങ്ങളിലെ വിവാദങ്ങളും വിദ്വേഷ പ്രചരണങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്ന് വ്യക്തമാക്കി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ നവീനും ജാനകിയും. ഇത്തരം പ്രചാരണങ്ങള്‍ തങ്ങളെ ബാധിക്കുന്നില്ലെന്നും ഇനിയും ഡാന്‍സ് കളിക്കുമെന്നും ഇരുവരും വ്യക്തമാക്കി.

മുപ്പത് സെക്കന്റ് നൃത്തത്തിലൂടെയാണ് ജാനകിയും നവീനും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഇരുവരുടേയും നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് പിന്നാലെ ജാനകിക്കും നവീനുമെതിരെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ വിദ്വേഷ പ്രചാരണം നടത്തുകയായിരുന്നു.

രണ്ടു മതവിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നത് അപകടകരമാണ് എന്ന തരത്തിലായിരുന്നു പ്രചരണം. റാ റാ റാസ്പുട്ടിന്‍… ലവര്‍ ഓഫ് ദ റഷ്യന്‍ ക്വീന്‍ എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനൊത്താണ് ഇവര്‍ ചുവടുവച്ചത്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നവീന്‍ പങ്കുവച്ച വീഡിയോ ആണ് തരംഗമായി മാറിയത്.തൃശൂര്‍ മെഡിക്കല്‍ കോളജ് വരാന്തയിലായിരുന്നു ഇവരുടെ 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യം വരുന്ന വൈറല്‍ നൃത്തം.

കുറച്ചു പേരെ നെഗ്റ്റീവായി വന്നുള്ളൂ. ഭൂരിപക്ഷവും പോസിറ്റീവ് റെസ്‌പോണ്‍സാണ് തന്നത്. ഒന്നിച്ചാണ് ക്ലാസില്‍ പോകുന്നത്, ഒന്നിച്ചാണ് പഠിക്കുന്നത്. ഒന്നിച്ചാണ് കഴിക്കാന്‍ പോകുന്നേ.. അപ്പോ പിന്നെ ഒന്നിച്ചൊരു ഡാന്‍സ് കളിച്ചു. അത് അത്രയേ ഉള്ളൂ. എല്ലാവരും ആ സെന്‍സില്‍ എടുക്കണം. ഞങ്ങള്‍ എന്റര്‍ടെയ്‌ന്മെന്റേ ഉദ്ദേശിച്ചുള്ളൂ. എല്ലാവരും കാണണമെന്ന രീതിയില്‍ ഒന്നുമല്ല ഇതെടുത്തത്. എങ്ങനെയോ അത് വൈറലായിപ്പോയി. അത്രയേ ഉള്ളൂ. ഇനിയും വീഡിയോ എടുക്കും. ഞങ്ങള്‍ തന്നെ ആകണമെന്നില്ല. ഡാന്‍സ് കളിക്കുന്ന ഇനിയും പിള്ളേരുണ്ട് കോളജില്‍. ഇതിനും തീര്‍ച്ചയായും ഡാന്‍സ് വീഡിയോ എടുക്കും’ ഇരുവരും നിലപാട് വ്യക്തമാക്കി.

സൈബര്‍ ഇടത്തില്‍ വിവാദം കൊഴുക്കവേ ഇന്നലെ വീണ്ടും ഇരുവരും മറുപടി ഡാന്‍സുമായി രംഗത്തുവന്നിരുന്നു. ക്ലബ് എഫ്.എം സെറ്റിലായിരുന്നു ഇത്തവണ ഇരുവരുടേയും ഡാന്‍സ്. ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ പാട്ടിന്റെ റീമിക്സിനൊപ്പമാണ് ഇരുവരും ഇത്തവണ ചുവടുവെച്ചത്. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വിദ്വേഷ പ്രചാരണങ്ങളില്‍ തലകുനിക്കാതെ ധൈര്യമായി മുന്നോട്ട് പോവൂ എന്നാണ് വീഡിയോക്ക് താഴെ പിന്തുണയര്‍പ്പിച്ചെത്തിയവര്‍ എഴുതിയത്.

ലൗ ജിഹാദ് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ വലതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് ആക്രമണം നടക്കുന്നത്. ബിജെപി ആര്‍.എഎസ്എസ് പ്രവര്‍ത്തകനായ കൃഷ്ണരാജ് എന്ന അഭിഭാഷകന്റെ കുറിപ്പാണ് ഇത്തരത്തിലെ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടത്. ‘ജാനകിയും നവീനും. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഡാന്‍സ് വൈറല്‍ ആകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ റസാക്കും ആണ് വിദ്യാര്‍ത്ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്ന്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛന്‍ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം’ – എന്നാണ് കൃഷ്ണരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

തിരുവനന്തപുരം സ്വദേശിയാണ് ജാനകി. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ ഓം കുമാറിന്റെയും ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിലെ ഡോക്ടര്‍ മായാദേവിയുടെയും മകളാണ്. മാനന്തവാടി സ്വദേശി റസാഖിന്റെയും ദില്‍ഷാദിന്റെയും മകനാണ് നവീന്‍ റസാഖ്. സഹോദരന്‍ റോഷന്‍ ഹൈദരാബാദില്‍ സിവില്‍ എഞ്ചിനീയറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here