ന്യൂഡല്‍ഹി: 2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചര്‍-നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മോഹന്ലല് നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടത്തിനാണ്.മികച്ച ചിത്രത്തിന് ഉള്‍പ്പെടെ 9 ദേശീയ പുരസ്കാരങ്ങള്‍ മലയാള സിനിമ നേടി. ഇതരഭാഷകളിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും കൂടി പരിഗണിച്ചാല്‍ ആകെ 14 മലയാളികളാണ് 2019ലെ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയത്. മത്സരത്തില്‍ മലയാളത്തിന്റെ കരുത്തായി മാറിയ പ്രിയദര്ശന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ മികച്ച ചിത്രം, വസ്ത്രാലങ്കാരം (സുജിത്ത് സുധാകരന്, വി.സായ് ), സ്പെഷ്യല്‍ ഇഫക്ട്സ് (സിദ്ധാര്‍ത്ഥ് പ്രിയദര്ശന്) എന്നീ മൂന്നു പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. പ്രിയദര്‍ശന്റെ മകനാണ് സിദ്ധാര്‍ത്ഥ്. കങ്കണ റണൗട്ടാണ് മികച്ച നടി. ധനുഷും മനോജ് ബാജ്പേയിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ‘കള്ളനോട്ട’മാണ് മികച്ച മലയാളചിത്രം.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ട്’ എന്ന ചിത്രത്തിലൂടെ ഗിരീഷ് ഗംഗാധരന് മികച്ച ഛായാഗ്രാഹകനായി. ‘കോളാമ്പി’ എന്ന ചിത്രത്തിലെ ‘ആരോടും പറയുക വയ്യ’ എന്ന ഗാനത്തിലൂടെ കവി പ്രഭാവര്‍മ മികച്ച ഗാനരചയിതാവിനുമുള്ള പുരസ്കാരവും നേടി. നവാഗത സംവിധായകര്‍ക്കുള്ള സ്വര്‍ണ കമലവും ഒന്നേകാല്‍ ലക്ഷം രൂപയുമടങ്ങിയ ഇന്ദിരാഗാന്ധി പുരസ്കാരം ‘ ഹെലെന്’ എന്ന ചിത്രത്തിലൂടെ മാത്തുക്കുട്ടി സേവ്യറിന് ലഭിച്ചു. ഈ ചിത്രത്തിലൂടെ രഞ്ജിത് മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരം സ്വന്തമാക്കി. സജിന്‍ബാബു സംവിധാനം ചെയ്ത ‘ബിരിയാണി’ പ്രത്യേക ജൂറി പരാമര്‍ശം നേടി.നടന് പാര്ത്ഥിപന് നിര്‍മ്മിച്ച് സംവിധാനം ചെയ്ത ‘ഒത്ത സെരുപ്പ്: സൈസ് ഏഴ്’ എന്ന തമിഴ് ചിത്രത്തിലൂടെ റസൂല്‍പൂക്കുട്ടിക്ക് മികച്ച ശബ്ദലേഖനത്തിനുള്ള അവാര്‍ഡ് ലഭിച്ചു. ഈ ചിത്രം പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹമായി.
മികച്ച പണിയ സിനിമയ്ക്കുള്ള പുരസ്കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിരയ്ക്കാണ്. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്ത ‘ഒരു പാതിരാ സ്വപ്നം പോലെ’ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച കുടുംബമൂല്യമുള്ള ചിത്രമായി. വിപിന്‍ വിജയ് സംവിധാനം ചെയ്ത ‘സ്മോള്‍ സ്കെയില്‍ സൊസൈറ്റീസി’ന് (ഇംഗ്ലീഷ്) പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു.മനോജ് ബാജ്പേയി ‘ഭോണ്സലെ’ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിനും ധനുഷ് ‘അസുരന്’ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിനുമാണ് മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത്. ‘മണികര്‍ണിക: ദി ക്വീന്‍ ഓഫ് ജാന്‍സി’, ‘പങ്ക’ എന്നീ സിനിമകളിലെ അഭിനയത്തിനാണ് കങ്കണയ്ക്ക് പുരസ്കാരം. ധനുഷ് രണ്ടാംതവണയും കങ്കണ മൂന്നാംതവണയുമാണ് മികച്ച നടനും നടിക്കുമുള്ള പുരസ്കാരം നേടുന്നത്.ബഹത്തര്‍ ഹൂറെയ്ന്‍ എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്ത സഞ്ജയ് പുരന് സിംഗ് ചൗഹാനാണ് മികച്ച സംവിധായകന്.’സൂപ്പര്‍ഡീലക്സ്’ എന്ന തമിഴ് ചിത്രത്തിലൂടെ വിജയ്സേതുപതി മികച്ച സഹനടനായി. ‘താഷ്കെന്റ് ഫയല്‍സ്’ എന്ന ചിത്രത്തിലൂടെ പല്ലവി ജോഷി മികച്ച സഹനടിയായി. നിര്‍മ്മാതാവും നടനുമായ എന്‍. ചന്ദ്ര അദ്ധ്യക്ഷനായ ജൂറിയാണ് ഫീച്ചര്‍ വിഭാഗത്തിലെ ജേതാക്കളെ തിരഞ്ഞെടുത്തത്.