കഥകളിലെ മായികലോകത്ത് മാത്രം നമ്മള് കണ്ടും അറിഞ്ഞും ശീലിച്ച പറക്കും തളികകള്‍ സത്യമോ? പറക്കും തളികകള്‍ ( UFO- Unidentified Flying Object) ഉണ്ടെന്ന സാധ്യതകള്‍ തള്ളിക്കളയാതെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ രംഗത്ത്. പറക്കും തളികകളെ കുറിച്ച് ഗൗരവകരമായ നിരീക്ഷണങ്ങളും പഠനങ്ങളും നടന്ന് വരുന്നതായി നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. പറക്കും തളികകള്‍ക്ക് അന്യഗ്രഹ ജീവികളുടെ പേടകമെന്ന വിശദീകരണം യുഎസ് ഇന്റലിജന്‍സ് അധികൃതര്‍ തള്ളിക്കളയുമ്പോഴും യുഎഫ്ഒയുടെ സാധ്യത ഇല്ലാതാകുന്നില്ല.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് മൂന്ന് വീഡിയോകള്‍ പുറത്ത് വിട്ടിരുന്നു. യുഎസ് നേവി പൈലറ്റുമാര്‍ക്ക് മുമ്പില്‍ ദൃശ്യമായ യുഎഫ്ഒയുടെ വീഡിയോകള്‍ ആണത്. അമേരിക്കയിലെ പ്രമുഖ പത്രത്തില്‍ ഇതേ കുറിച്ച് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ആദ്യമായാണ് പെന്റഗണ്‍ വാര്‍ത്ത സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സമാനമായ ഏഴ് അനുഭവങ്ങളാണ് യുഎസ് നേവി റിപ്പോര്‍ട്ട് ചെയ്തത്. ഇതേ കുറിച്ച് പൈലറ്റുമാരുമായി നേരിട്ട് ആശയവിനിമയം നടത്തിയെന്നും ദൃശ്യങ്ങള്‍ താനും കണ്ടതായും നാസ അഡ്മിനിസ്ട്രേറ്റര്‍ നെല്‍സണ്‍ വെളിപ്പെടുത്തി.
ഇതിനിടെ, യുഎഫ്ഒ വീഡിയോകളെ കുറിച്ച് അറിയാന്‍ തനിക്കും ആഗ്രഹമുണ്ടെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പ്രസ്താവനയും വന്നിരുന്നു. അന്യഗ്രഹജീവികള്‍ ശരിക്കും നിലവില്‍ ഉണ്ടെങ്കില്‍ അമേരിക്ക കൂടുതല്‍ പ്രതിരോധ ആയുധങ്ങള്‍ക്കായി നിക്ഷേപം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നിഗൂഢമായ വസ്തുക്കളെ കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് പുറത്ത് വിടാന്‍ നാസയോടും ഇന്റലിജന്‍സ് മേധാവിയോടും യുഎസ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നാണ് കരുതുന്നത്.
2004ലും 2015ലും അമേരിക്കന്‍ നേവി വിവിധ വീഡിയോകള്‍ ചിത്രീകരിച്ചിരുന്നു. ഇതാണ് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചത്.