Home Police സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മരണം;മരിച്ച അബ്ദുള്‍ അസീസിനെ സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പുറത്തുവന്നത് ആരെയും...

സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മരണം;മരിച്ച അബ്ദുള്‍ അസീസിനെ സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പുറത്തുവന്നത് ആരെയും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; ആത്മഹത്യയെന്ന് പോലീസ് എഴുതിത്തള്ളിയ കേസില്‍ പുനരന്വേഷണത്തിനും ഉത്തരവിട്ടു.

 

കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്താന്‍ റൂറല്‍ എസ്.പി ഉത്തരവിട്ടു. കുട്ടിയെ സഹോദരന്‍ കഴുത്തു ഞെരിച്ചു കൊല്ലുന്നു എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് വീഡിയോയുടെ ആധികാരികത കൂടി ഉറപ്പ് വരുത്തി പുനരന്വേഷണം നടത്താന്‍ റൂറല്‍ എസ്.പി ഉത്തരവിട്ടത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജ് ജോസിനാണ് അന്വേഷണച്ചുമതല.

നരിക്കാട്ടേരി അബ്ദുല്‍ അസീസിന്റെ മരണമാണ് കൊലപാതകമാണെന്ന തരത്തില്‍ വീഡിയോ പ്രചരിച്ചത്. ആദ്യം ലോക്കല്‍ പോലീസ് കേസന്വേഷിച്ചിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. പിന്നാലെ ക്രൈംബ്രാഞ്ച് സംഘവും അന്വേഷിച്ചു. പോലീസ് അന്വേഷണം ആത്മഹത്യയാണെന്ന നിഗമനത്തിനിടയിലാണ് വിദ്യാര്‍ഥിയുടെ കുടുംബത്തില്‍നിന്ന് വീഡിയോ പുറത്താവുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതോടെ പ്രതികളായ ബന്ധുക്കളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വെള്ളിയാഴ്ച രാത്രി പത്തോടെ വീട്ടിനുമുമ്പില്‍ തടിച്ചുകൂടി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ രാത്രിയില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇന്നുച്ചയ്ക്കുശേഷം ബന്ധുക്കളെ ചോദ്യം ചെയ്തേക്കും.

2020 മെയ് 17-നാണ് പേരോട് എം.ഐ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി അബ്ദുള്‍ അസീസിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നായിരുന്നു ലോക്കല്‍ പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ അസീസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. അസീസ് ജീവനൊടുക്കാനുള്ള ഒരു സാഹചര്യവുമില്ലെന്നും മരണത്തില്‍ അന്വേഷണം വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുകയും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി., റൂറല്‍ എസ്.പി. എന്നിവര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസില്‍ വീണ്ടും അന്വേഷണം നടത്തിയത്.

എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഫൊറന്‍സിക് റിപ്പോര്‍ട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ച ക്രൈംബ്രാഞ്ച് സംഘവും വിദ്യാര്‍ഥിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണെത്തിയത്. ഇതിനിടെയാണ്, സംഭവം നടന്ന് ഒരു വര്‍ഷം തികയാനിരിക്കെ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

സഹോദരന്‍ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ ചില സാമൂഹികമാധ്യമ ഗ്രൂപ്പുകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ നാട്ടുകാര്‍ കഴിഞ്ഞദിവസം രാത്രിയില്‍ തന്നെ അസീസിന്റെ വീടുവളഞ്ഞു. തുടര്‍ന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here