തിരുവനന്തപുരം: കോവിഡ് 19-ന്റെ പേരില്‍ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവര്‍ഷത്തേക്ക് നിര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എം.പി ഫണ്ട് അതാത് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. അത് കേന്ദ്ര സര്‍ക്കാരിന്റെ വിഭവ സമാഹരണത്തിലേക്ക് എടുക്കുന്ന നടപടി ന്യായമല്ലെന്നും അത് ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രാദേശിക ഫണ്ട് വിനിയോഗിച്ചുകൊണ്ട് പല എം.പിമാരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പദ്ധതിക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം ഉണ്ടായതോടെ ഇതെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറെകാര്യങ്ങള് ചെയ്യാനുള്ളത്. ഇതിനെല്ലാം പണം അത്യാവശ്യമായി വരുന്ന സാഹചര്യവുമാണിത്. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടായിരുന്നു ഇതിന് ഏറ്റവും ഫലപ്രദമായ വഴി. ഫണ്ട് നിര്‍ത്തലാക്കുമ്പോള്‍ ഇതില്‍ വലിയ തിരിച്ചടിയുണ്ടാവുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രാദേശിക വികസന ഫണ്ട് നിര്‍ത്തലാക്കുന്ന തീരുമാനം പുനപരിശോധിച്ച് കോവിഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സയ്ക്കുമായി പൂര്‍ണമായും വിനിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് കേന്ദ്രം നല്കിയ കോവിഡ് സഹായം വിവേചനപരമാണെന്നും അസന്തുലിതമാണെന്നുമുള്ള വാദം ഉയര്‍ന്ന് വരുന്നുണ്ട്. ഇക്കാര്യം പരിഗണിച്ച് കൂടുതല്‍ സഹായം നല്‍കണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടേയും എം.പിമാരുടേയുമെല്ലാം ശമ്പളം വെട്ടിച്ചുരുക്കിയ നടപടിയെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.