രാഷ്ട്രീയ- കലാ രംഗങ്ങളില്‍ ഉള്ള പ്രശസ്തര്‍ വരെ ഏറ്റെടുത്തതോടെ ലക്ഷദ്വീപിലെ സമീപകാല സംഭവവികാസങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ആകുന്നു. സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയിനും നടക്കുകയാണ്. വി ടി ബല്‍റാം അടക്കമുള്ള നേതാക്കള്‍ നേരത്തെ തന്നെ ഇടപ്പെട്ടപ്പോള്‍ എളമരം കരീമിന്റെയും ദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെയും പ്രതികരണങ്ങളും ഇപ്പോള്‍ പുറത്ത് വരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്ക്കെതിരെയാണ് വ്യാപക പ്രതിഷേധങ്ങള്‍.
ആരാണ് ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍? പ്രതിഷേധങ്ങള്‍ എന്തിന്?
2020 ഡിസംബറിലാണ് ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേല്‍ എന്ന ബിജെപി നേതാവ് എത്തുന്നത്. ഇത് മുതലാണ് ദ്വീപില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ഗുജറാത്തിലെ ബിജെപി നേതാവാണ് പ്രഫുല്‍ ഖോഡ പട്ടേല്‍.
ദ്വീപിലെ ജനങ്ങളുടെ ജീവിത രീതിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ പ്രഫുല്‍ പട്ടേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം ഉന്നയിക്കപ്പെടുന്നത്. ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യത്തിന് കീഴിലായി ഇപ്പോള്‍ അധികാരം എന്നാണ് ഉയരുന്ന ആക്ഷേപം. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യ ബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെ ഇപ്പോള്‍ അഡ്മിനിസ്ട്രേറ്ററുടെ കീഴിലായി എന്നും ദ്വീപ് വാസികള്‍ പരാതിപ്പെടുന്നു.
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന നൂറ് കണക്കിന് ദ്വീപ് വാസികളെ പിരിച്ചുവിട്ടതായും ആക്ഷേപം ഉണ്ട്. മത്സ്യബന്ധനത്തൊഴിലാളികളുടെ ഷെഡുകള്‍ നിര്‍ബന്ധിച്ച് പൊളിച്ചു മാറ്റിയതായും പരാതി ഉണ്ട്. എന്നാല്‍ തീരദേശ സംരക്ഷണ നിയമം നടപ്പിലാക്കുകയായിരുന്നു എന്നാണ് അഡ്മിനിസ്ട്രേറ്റര്‍ വിശദീകരിച്ചത്. കോവിഡ് പ്രോട്ടോക്കോളുകള്‍ അട്ടിമറിച്ചതോടെ ഒരു വര്‍ഷം വരെ കോവിഡ് കേസുകള്‍ ഇല്ലാതിരുന്ന ദ്വീപിലേക്ക് നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഓരോ കാരണം പറഞ്ഞ് ഭരണനിര്‍വ്വഹണ സംവിധാനങ്ങളില്‍ നിന്ന് ദ്വീപ് നിവാസികളെ മാറ്റുന്നതായും പരാതിയുണ്ട്. ബേപ്പൂര്‍ തുറമുഖം മാറ്റി മംഗലാപുരം തുറമുഖവുമായാണ് ഇപ്പോള്‍ ലക്ഷദ്വീപിന് ബന്ധമുള്ളത്. ഗുണ്ടാ ആക്ട് നടപ്പിലാക്കുകയും ബീഫ് നിരോധനം അടിച്ചേല്‍പ്പിക്കുകയും ചെയ്തു എന്നും പരാതിയുണ്ട്.
പ്രതികരണങ്ങള്‍, വിയോജിപ്പുകള്‍
വിടി ബല്‍റാമാണ് കാര്യകാരണങ്ങള്‍ നിരത്തി ലക്ഷദ്വീപിനെ കശ്മീരാക്കാന്‍ ശ്രമിക്കുന്നതായി സംശയിക്കുന്നു എന്ന് പറഞ്ഞ് ആദ്യം രംഗത്ത് വന്നത്. കേരളവുമായി വളരെ അടുപ്പം പുലര്‍ത്തുന്ന നാടായ ലക്ഷദ്വീപില്‍ ബിജെപി സര്‍ക്കാര്‍ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകള്‍ ആശങ്കാകരമാണെന്നും അദ്ദേഹം കുറിച്ചു. ഇപ്പോള്‍ കൂടൂതല്‍ പ്രതികരണങ്ങളാണ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ഉയര്‍ന്ന് വരുന്നത്. പ്രഫുല്‍ പട്ടേല്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും ക്വാറന്റൈന് നിയമവും യാത്രാനിരോധനവും എടുത്ത് കളഞ്ഞതോടെ രോഗം കൂടിയതായും എംപി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ എത്രെയും പെട്ടെന്ന് രാഷ്ട്രപതി തിരിച്ച് വിളിക്കണമെന്ന് ബിനോയ് വിശ്വം എംപിയും എളമരം കരീം എംപിയും ആവശ്യപ്പെട്ടു. മുസ്ലീം ഭൂരിപക്ഷമുള്ള ലക്ഷദ്വീപില്‍ ഇത്തരം പരിഷ്കാരങ്ങള്‍ നിഗൂഢത ജനിപ്പിക്കുന്നതാണെന്ന് എളമരം കരീം പറഞ്ഞു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്ന് ചോദിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജും സമൂഹമാധ്യത്തിലൂടെ രംഗത്ത് വന്നു. നിലവിലെ സ്ഥിതിക്കെതിരെ പൊതുസമൂഹം ഉണരണമെന്നും ആ നാടിന്റെ മഹത്തായ പാരമ്പര്യത്തെ തകര്‍ക്കാന്‍ അനുവദിക്കരുതെന്നും പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായ ബാദുഷ ആവശ്യപ്പെട്ടു.