Home Cinema മലയാളിയുടെ സ്വന്തം ലാലേട്ടന് ഇന്ന് 60ാം പിറന്നാള്‍; താരരാജാവിന്റെ പിറന്നാള്‍ ആഘോഷിച്ച് മലയാളികള്‍

മലയാളിയുടെ സ്വന്തം ലാലേട്ടന് ഇന്ന് 60ാം പിറന്നാള്‍; താരരാജാവിന്റെ പിറന്നാള്‍ ആഘോഷിച്ച് മലയാളികള്‍

 

മഞ്ഞില്‍വിരിഞ്ഞ പൂവിലൂടെ വെളളിത്തിരില്‍ എത്തി മലയാളിയുടെ സ്വന്തം ഏട്ടനായിമാറിയ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് 60ാാ ജന്മദിനം.. രാജാവിന്റെ മകനായി വന്ന് രാജാവായി മാറിയ നമ്മുടെ സ്വന്തം ലാലേട്ടന്റെ ജന്മദിനമാണിന്ന്.ഒടുങ്ങാത്ത ഒരുപാട് വിസ്മയങ്ങള്‍ ഒളിപ്പിച്ച്, ഒരു കള്ള ചിരിയോടെ വരുന്ന മോഹന്‍ലാല്‍ എന്ന ലാലേട്ടന്‍ മലയാളിയ്ക്ക് സ്വന്തം ജീവിതത്തിന്റെ ഭാഗം കൂടിയാണ്.ഇന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന ഒട്ടേറെ കഥാപത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആ അതുല്യപ്രതിഭയ്ക്ക് ഇന്ന് അറുപത് തികയുകയാണ്.അതേ ആ താരസൂര്യന്‍ ഉദിച്ചിട്ട് 60 വര്‍ഷം പിന്നിട്ടിരിക്കുന്നു.രേവതിയില്‍ വിരിഞ്ഞ സൂര്യ പുത്രന് ഒരായിരം പിറന്നാള്‍ ആശംസകള്‍.

ഇതിഹാസതാരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാലോകവും ലോകമെമ്ബാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയത്തിന് ആശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.

മോഹന്‍ലാല്‍ മലയാളത്തിന്റെ അസാമാന്യ പ്രതിഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളില്‍ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞതും ജീവസ്സുറ്റതുമാണ് ആ കഥാപാത്രങ്ങള്‍. ഏതുതരം കഥാപാത്രമായാലും അതില്‍ ലാലിന്റേതായ സംഭാവനയുണ്ടാകും. ഭാവംകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസ്സില്‍ ആ കഥാപാത്രം നിറഞ്ഞുനില്‍ക്കുകയും ചെയ്യും. ഈ അസാധാരണത്വമാണ് മോഹന്‍ലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്.അഭിനയജീവിതത്തിന്റെ സാര്‍ഥകമായ 40 വര്‍ഷം. 1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂര്‍ ഗ്രാമത്തില്‍ ജനിച്ച മോഹന്‍ലാല്‍ പഠിച്ചതും വളര്‍ന്നതും തിരുവനന്തപുരത്താണ്. ആദ്യസിനിമ തിരനോട്ടം പിറന്നത് പതിനെട്ടാം വയസ്സില്‍. നവോദയയുടെ ‘മഞ്ഞില്‍വിരിഞ്ഞപൂക്കളി'(1980)ലെ വില്ലന്‍ ക്രമേണ നായകനായി. പിന്നീടങ്ങോട്ട് നാലുദശാബ്ദമായി 380ലേറെ ചിത്രം.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുപതുകാരന്റെ വേഷത്തിന് സ്‌കൂള്‍ നാടക പുരസ്‌കാരം വാങ്ങിയ കുട്ടിക്ക് പിന്നെ അഞ്ച് ദേശീയ പുരസ്‌കാരം, ഒമ്പത് സംസ്ഥാന പുരസ്‌കാരം. മലയാളസിനിമയെ ഇരുനൂറ് കോടിക്ലബ്ബിലെത്തിച്ച വാണിജ്യവിജയങ്ങള്‍. പത്മഭൂഷനും പത്മശ്രീയും നേടിയ ഏക അഭിനേതാവ്. ടെറിറ്റോറിയല്‍ സേനയില്‍ ഓണററി ലെഫ്റ്റനന്റ് പദവി ലഭിക്കുന്ന ആദ്യ അഭിനേതാവ്. മലയാളി കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങളുടെ ദൃശ്യവല്‍ക്കരണമാണ് മോഹന്‍ലാല്‍ സിനിമയിലും ജീവിതത്തിലും അനുവര്‍ത്തിക്കുന്നത്. അവയവദാനത്തിനും വൈദ്യുതിസംരക്ഷണത്തിനും ഖാദിപുനരുജ്ജീവനത്തിനുമെല്ലാം സന്ദേശപ്രചാരകനാകാന്‍ ലാലുണ്ട്. എണ്ണമറ്റ കാരുണ്യപ്രവൃത്തികളിലൂടെ മലയാളക്കരയുടെ സ്‌നേഹക്കടം വീട്ടുന്നു. നിഷ്‌കളങ്കമായ ആവേശത്തോടെ ആരാധകര്‍ കാത്തിരിക്കുന്നു പുത്തന്‍ വേഷപ്പകര്‍ച്ചകള്‍ക്കായ്.അറുപത് എന്നത് വെറും അക്കം മാത്രം.

ആപത്ഘട്ടങ്ങളില്‍ സഹജീവികളെ സഹായിക്കാനും ലാല്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയത്. പ്രളയകാലത്തും ഇതേ നിലയില്‍ സഹായമെത്തിക്കാന്‍ അദ്ദേഹം തയ്യാറായി. നടനകലയില്‍ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ. ഈ ഷഷ്ടിപൂര്‍ത്തി ഘട്ടത്തില്‍ എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നുവെന്ന് മുഖ്യമന്ത്രി ആശംസാസന്ദേശത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here