Home Top News തരൂരിനെ തൊടില്ല; തരൂരിന്റെ വിശദീകരണം അംഗീകരിച്ചു; മോദി സ്തുതിയില്‍ തുടര്‍നടപടിയില്ല; തരൂരിനെതിരെ നടപടിയെടുത്ത് രാഷ്ട്രീയ...

തരൂരിനെ തൊടില്ല; തരൂരിന്റെ വിശദീകരണം അംഗീകരിച്ചു; മോദി സ്തുതിയില്‍ തുടര്‍നടപടിയില്ല; തരൂരിനെതിരെ നടപടിയെടുത്ത് രാഷ്ട്രീയ ശത്രുക്കള്‍ക്ക് ആയുധം നല്‍കേണ്ടെന്നാണ് കെ.പി.സി.സി തീരുമാനം

തിരുവനന്തപുരം:  മോദി സ്തുതി ആരോപണത്തില്‍ ശശി തരൂര്‍ എം.പിക്കെതിരെ തുടര്‍നടപടി വേണ്ടെന്ന് കെ.പി.സി.സി തീരുമാനം. തരൂര്‍ നല്‍കിയ വിശദീകരണം കെ.പി.സി.സി അംഗീകരിച്ചു. തരൂരിനെതിരെ നടപടിയെടുത്ത് രാഷ്ട്രീയ ശത്രുക്കള്‍ക്ക് ആയുധം നല്‍കേണ്ടെന്നാണ് കെ.പി.സി.സി തീരുമാനം. വിശദീകരണം അംഗീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുനല്‍കിയ മറുപടിയിലാണ് തരൂര്‍ തന്റെ ഭാഗം വിശദീകരിച്ചത്.

തരൂര്‍ കെപിസിസിക്ക് നല്‍കിയ വിശദീകരണം

താന്‍ മോദിയെ സ്തുതിച്ചിട്ടില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ആ വാചകം ചൂണ്ടിക്കാണിക്കണം. നരേന്ദ്രമോദിയെ താന്‍ ന്യായീകരിച്ചെന്ന് മുല്ലപ്പള്ളി വിശ്വസിച്ചത് തന്നെ ആശ്ചര്യപ്പെടുത്തി. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലെ തന്റെ പ്രകടനം വിലയിരുത്തണം. ഭരണഘടനയുടെയും കോണ്‍ഗ്രസിന്റെയും മൂല്യം ചോദ്യംചെയ്യാന്‍ ശ്രമിച്ചപ്പോഴൊക്കെ താന്‍ എതിര്‍ത്തതിന്റെ പത്തുശതമാനമെങ്കിലും കേരളത്തില്‍നിന്നുള്ള ഒരു നേതാവും എതിര്‍ത്തിട്ടില്ല. 17 ബില്ലുകളുടെ ചര്‍ച്ചയ്ക്കിടെ 50 തവണ താന്‍ ഇടപെട്ടു. മോദിയുടെ കഴിഞ്ഞ ഭരണകാലത്തെക്കുറിച്ചെഴുതിയ ‘പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന പുസ്തകം മോദിസ്തുതി നടത്തുന്ന ഒരാള്‍ എഴുതുന്നതാണോ?.

ജയ്റാം രമേശിന്റെയും അഭിഷേക് മനു സിങ്‌വിയുടെയും പ്രസ്താവനകളോടുള്ള തന്റെ ഒരു പരാമര്‍ശത്തിന്റെ പുറത്താണ് ഇപ്പോഴത്തെ ബഹളം. മോദി ശരിയായ കാര്യം ചെയ്യുമ്പോള്‍ അനുകൂലിക്കണമെന്നത് ആറുവര്‍ഷമായി താന്‍ പറയുന്നു. അദ്ദേഹം ചെയ്യുന്ന തെറ്റിനെ എതിര്‍ക്കുമ്പോള്‍ അതിന് കൂടുതല്‍ വിശ്വാസ്യത ലഭിക്കാന്‍ ഇതിടയാക്കും.

നല്ല കാര്യങ്ങളെ അനുകൂലിക്കണമെന്ന് പറയുന്നത് മോദിസ്തുതിയല്ല. കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി.യിലേക്കുപോയ വോട്ടര്‍മാരെ തിരിച്ചാകര്‍ഷിക്കാന്‍ വിശ്വാസ്യത കൂടുതല്‍ ബലപ്പെടണം. രണ്ടുതവണ, ശക്തരായ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരിച്ചു ജയിച്ച തനിക്ക് അത് തിരിച്ചറിയാന്‍ കഴിയും. മോദി വളരെക്കുറച്ച് നല്ല കാര്യങ്ങളേ ചെയ്തിട്ടുള്ളൂ. എന്നാല്‍, വോട്ടുവിഹിതം 31-ല്‍നിന്ന് 37 ശതമാനമാക്കി അദ്ദേഹമുയര്‍ത്തി. കോണ്‍ഗ്രസ് 19 ശതമാനത്തില്‍ത്തന്നെ നിന്നു.

മോദി അവര്‍ക്കായി എന്തോ ചെയ്യുന്നുവെന്ന് വോട്ടര്‍മാര്‍ കരുതുന്നു. നമ്മളത് അംഗീകരിക്കുകയും അതിന്റെ കുറവുകള്‍ തുറന്നുകാണിക്കുകയും വേണം. അദ്ദേഹം ശൗചാലയങ്ങള്‍ പണിയുന്നു. എന്നാല്‍, 60 ശതമാനത്തിലും വെള്ളമില്ല. അദ്ദേഹം നല്‍കിയ പാചകവാതക സിലിന്‍ഡറുകള്‍ വീണ്ടും വാങ്ങാന്‍ 92 ശതമാനം പേര്‍ക്കും കഴിയുന്നില്ല. അദ്ദേഹമൊന്നും ചെയ്യുന്നില്ലെന്ന് നമ്മള്‍ പറയുകയും അദ്ദേഹം വീണ്ടും ജയിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങളെയാണ് നാം ചെറുതായി കാണുന്നത്. ഇത് വോട്ട് നേടിത്തരില്ല.

മതേതര-പുരോഗമന മൂല്യമുള്ള പാര്‍ട്ടികളോടുചേര്‍ന്ന് കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരണം. കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി.യിലേക്കുപോയ വോട്ടുകള്‍ മടങ്ങിയെത്തണം. അതിന് മോദിയിലേക്ക് അവരെ ആകര്‍ഷിച്ചതിന്റെ കാരണം മനസ്സിലാക്കണം. നമ്മുടെ വിമര്‍ശനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത വേണം. യഥാര്‍ഥത്തില്‍ മോദിയെ എതിര്‍ക്കുന്നതിന്റെ പേരില്‍ തനിക്കെതിരേ രണ്ടുകേസുകള്‍ നിലവിലുണ്ട്. ഒന്നില്‍ അറസ്റ്റുവാറന്റായതാണ്.

അഭിപ്രായങ്ങള്‍ പാര്‍ട്ടി ഫോറത്തില്‍ പറയണമെന്ന മുല്ലപ്പള്ളിയുടെ നിര്‍ദേശത്തിനും തരൂര്‍ മറുപടി പറഞ്ഞു. ജയ്റാം രമേശും അഭിഷേക് സിങ്‌വിയും സാമൂഹിക മാധ്യമങ്ങളില്‍ പറഞ്ഞ അഭിപ്രായത്തോടുള്ള പ്രതികരണം അതേ മാധ്യമം വഴിയാണ് താനും നടത്തിയത്. മാത്രമല്ല, താന്‍ ഒരു പാര്‍ട്ടി ഫോറത്തിലും അംഗവുമല്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിന്റെയും ഭരണഘടനയുടെയും മൂല്യങ്ങള്‍ താന്‍ ഉയര്‍ത്തിപ്പിടിക്കുന്നു -തരൂര്‍ കത്തില്‍ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here