കൊച്ചി: പാർട്ടികളിൽ പങ്കെടുക്കുന്ന യുവതികളെ കെണിയിലാക്കാൻ പ്രത്യേക ക്യാമെറകൾ ഉപയോഗിച്ചിരുന്നതായി സൈജു എം.തങ്കച്ചന്റെ മൊഴി. രാസലഹരി പാർട്ടികൾ നടക്കുന്ന ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ ഹാളുകളിൽ പ്രത്യേക കോണുകളിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നതായാണ് സൈജുവിന്റെ മൊഴി.ഇത്തരത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട വിഡിയോ സൈജുവിന്റെ ഫോണിൽ അന്വേഷണ സംഘം കണ്ടെത്തി.
നമ്പർ 18 ഹോട്ടൽ ഉടമ റോയിയും സൈജുവും ചേർന്നു സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്ത പെൺകുട്ടിയുടെ ദൃശ്യമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി. വീട്ടുകാർ അറിയാതെ നിശാപാർട്ടികളിൽ പങ്കെടുക്കുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് അവരെ ഭീഷണിപ്പെടുത്തി ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.കാക്കനാട് സൈജു താമസിക്കുന്ന വാടക ഫ്ലാറ്റിലും ഇത്തരത്തിലുള്ള ലഹരി പാർട്ടികൾ സ്ഥിരമായി സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ വേണ്ടിയാണു വാഹനാപകടത്തിൽ കൊല്ലപ്പെട്ട മോഡലുകളെ സൈജു നിർബന്ധിച്ചത്.ഇതാണ് പിന്നീട് മോഡലുകളുടെ മരണത്തിലേക്ക് വഴി തെളിച്ചത്.