ശബരിമല ∙ സന്നിധാനത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനു കർശന വിലക്ക്. ശ്രീകോവിലിനു സമീപത്തും പരിസരങ്ങളിലുമാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും ചിത്രമെടുക്കുന്നതിനും ദേവസ്വം ബോർഡ് കർശന നിയന്ത്രണമേർപ്പെടുത്തിയത്. ഫോൺ ഉപയോഗിക്കുന്നവരെ ആദ്യം വിലക്കാനും തുടർന്നാൽ പിഴ ഈടാക്കാനുമാണ് തീരുമാനം. ഇതേസമയം, ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കൈവശം സൂക്ഷിക്കുന്നതിനു വിലക്കില്ലെന്നു ദേവസ്വം ബോർഡ് അറിയിച്ചു.
ഇത്തവണ മണ്ഡലകാലം ആരംഭിച്ചപ്പോൾ തന്നെ ഇതു നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നു. ശ്രീകോവിലിന്റെ പശ്ചാത്തലത്തിൽ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നത് വ്യാപകമായതാണ് നിയന്ത്രണത്തിനു കാരണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു. ഒപ്പം സുരക്ഷാകാരണങ്ങളും കണക്കിലെടുത്തു.