ശ്രീനഗർ: ശ്രീനഗറിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ശ്രീനഗറിലെ ബോൺ ആൻഡ് ജോയിന്റ് ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. തീ പടർന്ന് പിടിക്കുന്നതിന് മുമ്പായി തന്നെ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മുഴുവൻ ഒഴിപ്പിച്ചതിനാൽ ആളപായം ഒന്നുമുണ്ടായില്ല. 250ഓളം കിടക്കകൾ ഉണ്ടായിരുന്ന ആശുപത്രിയിലെ എല്ലാ കിടക്കകളിലും രോഗികൾ ഉണ്ടായിരുന്നു.
ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളിലേക്കും ഓക്സിജൻ സിലിണ്ടറുകളിലേക്കും തീ വ്യാപിച്ചതിനെ തുടർന്ന് ഉഗ്ര ശബ്ദത്തിൽ സ്ഫോടനങ്ങൾ ഉണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു.ആശുപത്രിയിലെ അടിയന്തര ചികിത്സാ വിഭാഗത്തിന് സമീപമായിട്ടാണ് ആദ്യം തീ കണ്ടത്. അവിടുന്ന് ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ള ഭാഗങ്ങളിലേക്ക് തീ പടരുകയായിരുന്നു. അഗ്നിബാധയ്ക്കുള്ള കാരണം അന്വേഷിക്കുന്നുണ്ടെന്നും നിലവിൽ തീ കെടുത്തിയിട്ടുണ്ടെന്നും ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ ഐജാസ് ആസാദ് പറഞ്ഞു.