Home KERALA പാലയ്ക്കീ കഥ പറയണം, മാണി സി കാപ്പന്റെ ചങ്ക് ആയ കഥ

പാലയ്ക്കീ കഥ പറയണം, മാണി സി കാപ്പന്റെ ചങ്ക് ആയ കഥ

മാണി സി കാപ്പന് തെറ്റിയില്ല. ഇടതോ വലതോ എന്നതല്ല വിഷയം. കെ.എം.മാണിക്ക് ശേഷം പാലായുടെ ചങ്ക് കാപ്പന്‍ തന്നെ. കാപ്പന്റെ ചങ്ക് പാലായും. മാണി സി. കാപ്പന്‍ തുടര്‍ച്ചയായ രണ്ടാം തവണ അങ്ങനെ നിയമസഭയില്‍ എത്തി. തങ്ങളുടെ എല്ലാമെല്ലാമായിരുന്ന കെ.എം.മാണിക്ക് ശേഷം മാണി സി. കാപ്പനില്‍ പാലാക്കാര്‍ വിശ്വാസം അര്‍പ്പിച്ചു.
1965ലാണ് പാലാ മണ്ഡലം രൂപീകരിക്കുന്നത്. അന്ന് മൂതല്‍ കെ.എം.മാണിയല്ലാതെ ആരും പാല താണ്ടി നിയമസഭയില്‍ എത്തിയിരുന്നില്ല. പാലാക്കാര്‍ക്ക് അങ്ങനെയൊരു താത്പര്യവുമില്ലായിരുന്നു താനും. കേരളാ കോണ്‍ഗ്രസ് എന്നാല്‍ പാലാ ആയിരുന്നു ഒരു കാലത്ത്. പാലായില്‍ തുടങ്ങുന്ന ഒരു വിശാല ഐക്യം കേരളാ കോണ്‍ഗ്രസുകാര്‍ ചര്‍ച്ച വരെ ചെയ്ത ഒരു കാലം. കെഎം മാണി അങ്ങനെ മുഖ്യമന്ത്രിപദവും സ്വപ്‌നം കണ്ടെന്ന് കഥയും പ്രചരിച്ചു. എന്നാല്‍ അച്ഛന്‍ മാറി മകന്‍ ആയപ്പോള്‍ സ്വാധീനവഴികള്‍ ഒന്നൊന്നായി അടഞ്ഞു. സ്വന്തം ചിഹ്നത്തിന് പോലും പോരാടേണ്ടി വന്ന, പാര്‍ട്ടിയെ പിളര്‍ത്തിയ, എന്തിന് മുന്നണിപോലും മാറി കളിച്ച ജോസ് കെ.മാണിയെ പാലാ തള്ളി പറഞ്ഞു.
2019ല്‍ കെഎം മാണിയുടെ വിയോഗത്തില്‍ ഒഴിവ് വന്ന മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. മാണി സി.കാപ്പനെ കളത്തിലിറക്കി എല്‍ഡിഎഫ് ശ്രമിച്ചു. മണ്ഡലം കൂടെയിങ്ങ് പോരുകയും ചെയ്തു. അപ്പോഴും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള ഓട്ടത്തിലായിരുന്നു ജോസ് കെ.മാണി. കെഎം മാണിക്കെതിരെ നിയമസഭയില്‍ യുദ്ധസമാനമായ അന്തരീക്ഷം വരെ ഒരുക്കിയ എല്‍ഡിഎഫിനൊപ്പം ചേരാന്‍ ജോസ് കെ.മാണിക്ക് അധികം ആലോചിക്കേണ്ടി പോലും വന്നില്ല. അല്ലെങ്കിലും രാഷ്ട്രീയയുദ്ധത്തില്‍ എവിടെ സ്ഥായിയായ ശത്രുക്കള്‍! എന്നാല്‍ മാണി സി.കാപ്പന്‍ ഇടഞ്ഞു. മറ്റൊരു മണ്ഡലം എന്ന വാഗ്ദാനമൊന്നും കാപ്പന് മുമ്പില്‍ വിലപോയില്ല. കാപ്പന്‍ പ്രഖ്യാപിച്ചു; തനിക്ക് പാല മതി. പാല തന്റെ ചങ്കാണെന്ന്. യുഡിഎഫിനൊപ്പം ചേര്‍ന്ന് പോരാടിയ കാപ്പന്‍ വോട്ടെടുപ്പിന് ശേഷം പ്രഖ്യാപിക്കുകയും ചെയ്തു; താന്‍ 15,000ല്‍ അധികം വോട്ടുകള്‍ നേടും. ചങ്കിനെ കാത്തു കാപ്പന്‍, 15,000ല്‍ അധികം ഭൂരിപക്ഷം നല്‍കി കാപ്പനെ കാത്തു ചങ്കും.
മണ്ഡലത്തിലെ തന്റെ വികസന പ്രവര്‍ത്തനങ്ങളായിരുന്നു മാണി സി.കാപ്പന്റെ പ്രചാരണായുധം. പുതിയ പാര്‍ട്ടിയുടെ രൂപീകരണവും യുഡിഎഫ് പ്രവേശനമൊക്കെ പാലായെ മാത്രം കണ്ടു കൊണ്ടായപ്പോള്‍ മണ്ഡലം കൈവിടുന്നതെങ്ങനെ! മറുപാളയത്തില്‍ അച്ഛന്റെ പേരും പിന്തുണയും തുണയാകുമെന്ന ഉറച്ച വിശ്വാസം ജോസ് കെ.മാണിയും കാത്തു. അതിനായി രാജ്യസഭാ അംഗത്വം പോലും അദ്ദേഹം രാജി വെച്ചു. എന്നാല്‍ സ്വന്തം ബൂത്തില്‍ പോലും പിന്നിലായപ്പോള്‍ പരാജയം സമ്മതിക്കേണ്ടി വന്നു. എങ്കിലും കേരളാ കോണ്‍ഗ്രസിന് മുഴുവന്‍ നിരാശ എന്ന് പറയാന്‍ ആകില്ല. അഞ്ച് എംഎല്‍എമാരാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇനി ജോസ് കെ.മാണിയുടെ പാര്‍ട്ടിയിലെ മേല്‍ക്കൈ മാത്രം പ്രസക്തിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here