കൊൽക്കത്ത: അനുവാദമില്ലാതെ ഭാര്യ സ്മാർട്ട് ഫോൺ വാങ്ങിയതിനു ഭാര്യയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ഭർത്താവും വാടക കൊലയാളിയും അറസ്റ്റിൽ.കൊൽക്കത്ത നരേന്ദ്രപുർ സ്വദേശിയായ രാജേഷ് ഝാ, വാടക കൊലയാളിയായ സുരജിത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്താൻ ശ്രമിച്ചതിനാലാണ് ഇരുവരും അറസ്റ്റിലായത്. കേസിൽ പങ്കുള്ള മറ്റൊരാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് രാജേഷ് ഝായുടെ ഭാര്യയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്. വീട്ടിലെത്തിയ രണ്ട് പേർ യുവതിയെ ആക്രമിക്കുകയും കഴുത്തിന് സാരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ബഹളം കേട്ടെത്തിയ സമീപവാസികൾ അക്രമികളിൽ ഒരാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്താൻ രാജേഷ് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന വിവരം പുറത്തുവരുന്നത്.
തന്നെ അറിയിക്കാതെ ഭാര്യ സ്വന്തമായി സ്മാർട്ട് ഫോൺ വാങ്ങിയതാണ് ക്വട്ടേഷൻ നൽകാൻ കാരണമെന്നാണ് രാജേഷ് പൊലീസിന് മൊഴി നൽകിയത്. മാസങ്ങൾക്ക് മുൻപ് യുവതി സ്മാർട്ട് ഫോൺ വാങ്ങി നൽകാൻ ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജേഷ് ആവശ്യം നിരസിച്ചു. ഇതേ തുടർന്ന് കുട്ടികൾക്ക് ട്യൂഷൻ എടുത്ത് സ്വരൂപിച്ച പണം കൊണ്ട് യുവതി സ്മാർട്ട് ഫോൺ സ്വന്തമാക്കിയിരുന്നു. ഇക്കാര്യമറിഞ്ഞ രാജേഷ് ഭാര്യയുമായി വഴക്കിടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഭാര്യയെ കൊലപ്പെടുത്താൻ രാജേഷ് ക്വട്ടേഷൻ നൽകുന്നത്.