ബി.അര്‍ജ്ജുന്‍ദാസ്
പത്തനംതിട്ട:മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐ.എ.എസ് സര്‍വീസില്‍ സ്വയം വിരമിക്കുന്നു. വി.ആര്.എസ് അനുവദിക്കുന്നതിനായി
അദ്ദേഹം ഗവണ്മെന്റിന് അപേക്ഷ നല്കി. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടും തന്റെ തീരുമാനം അറിയിച്ചു. ശിവശങ്കര്‍ നല്കിയ കത്തിന്റെ അടിസഥാനത്തില്‍ അദ്ദേഹത്തിന്റെ സ്വയം വിരമിക്കല്‍ സര്‍ക്കാര്‍ അംഗീകരിച്ച് നടപടി പൂര്‍ത്തിയാകാന്‍ രണ്ട് മാസംകൂടി വേണ്ടിവരും.2023 ജനുവരി വരെയാണ് ശിവശങ്കറിന്റെ സര്‍വീസ് കാലാവധി. താന്‍ പ്രതിചേര്‍ക്കപ്പെട്ട കേസുകളുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ മാനഹാനിയടക്കമുളള കാര്യങ്ങളില്‍ നിയമയുദ്ധത്തിന് ഒരുങ്ങുന്നതിനാണ് സ്വയം വിരമിക്കലെന്നാണ് അദ്ദേഹം തന്റെ അടുത്ത സുഹൃത്തുക്കളോട് ഇതു സംബന്ധിച്ച് പറഞ്ഞിരിക്കുന്നത്.
സര്ണ്ണകടത്ത് കേസില്‍ ഇഡി പ്രതിചേര്ക്കെപ്പെട്ടതിന് തുടര്‍ന്ന് സസ്പെന്‍ഷിനിലായിരുന്ന ശിവശങ്കര്‍ കഴിഞ്ഞ ജനുവരി മാസത്തിലാണ് സര്‍വ്വീസില്‍ തിരികെ പ്രവശിച്ചത്. കായിക വകുപ്പ് സെക്രട്ടറിയായിരുന്നു നിയമനം. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രി സഭാ യോഗം ഐഎഎസ് തലപ്പത്ത് അഴിച്ചു പണിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ ചാര്‍ജ്ജ് കൂടി അദ്ദേഹത്തിന് നല്‍കിയിരുന്നു.സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെ 2019 ജൂലൈ 14നാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.
സ്വര്‍ണക്കടത്തിന് മുന്‍പുള്ള വിവാദങ്ങളിലെല്ലാം മുഖ്യമന്ത്രി സംരക്ഷിച്ചുനിര്‍ത്തി. സ്വര്‍ണക്കടത്ത് കേസിന്റെ ആദ്യഘട്ടത്തിലും ശിവശങ്കറിനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. ആരോപണങ്ങള്‍ ശക്തമായതോടെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവരടങ്ങുന്ന സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സസ്പെന്റ് ചെയ്യുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റിയുടെ ശിപാര്‍ശയെ തുടര്‍ന്ന് . ജനുവരി ആദ്യവാരം ശിവശങ്കറിന്റെ സസ്പെന്ഷന് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഒരു വര്‍ഷവും അഞ്ച് മാസവും നീണ്ട സസ്പെന്ഷന് കാലത്തിന് ശേഷമാണ് ശിവശങ്കര്‍ തിരികെ സര്‍വീസില്‍ പ്രവേശിച്ചത്.
നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് കസ്റ്റംസും എന്‍ഫോഴ്സ്മെന്റും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന് അഴിമതിക്കേസിലുമാണ് പ്രതി ചേര്‍ത്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയില്‍വാസം അനുഭവിച്ചു.
ശിവശങ്കറിനെതിരായ പ്രധാനപ്പെട്ട കേസുകളിലൊന്ന് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ക്കടത്ത് കേസാണ്. ഈ കേസിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസില്‍ നിന്ന് തേടിയിരുന്നു. 2021ഡിസംബര്‍ 30നകം വിശദാംശങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കസ്റ്റംസില്‍ നിന്ന് പ്രതികരണമുണ്ടായില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ശിവശങ്കറിന്റെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന ശിപാര്‍ശ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന പദവി ലഭിക്കാന്‍ ആഗ്രഹിച്ച നിരവധി ഐഎഎസ് ഉദ്യോഗസ്ഥരെ പരിഗണിക്കാതെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രി തെരഞ്ഞെടുത്തത്. ഉദ്യോഗസ്ഥനെന്ന നിലയിലെ ഭരണമികവായിരുന്നു അടിസ്ഥാനം.
പിന്നീട് കേരളത്തിലെ ഏറ്റവും ശക്തനായ ബ്യൂറോക്രാറ്റായി ശിവശങ്കര്‍ മാറുന്നതാണ് കണ്ടത്.ഏറെ മികവ് തെളിയിച്ച ഉദ്യോഗസ്ഥന് എന്ന നിലയിലാണ് പിണറായി വിജയന് അദ്ദേഹത്തിന്റെ സെക്രട്ടറിയായി ശിവശങ്കറിനെ തെരഞ്ഞെടുത്തതെന്ന് ഇതില്‍ നിന്ന് അറിയാം. കെഫോണ്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളുടെ കാവലാള്‍ കൂടിയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി തസ്തികയിലിരിക്കെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. അപ്പോഴും ഐടി വകുപ്പ് നിലനിര്‍ത്തി.
പല തരത്തിലുള്ള ആഗോള കരാറുകളിലൂടെയും വിപണന തന്ത്രങ്ങളിലൂടെയും ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച പരിപാടികളിലൂടെയും അദ്ദേഹം ഐടി വകുപ്പിനെ ശ്രദ്ധേയമാക്കി. സ്റ്റാര്‍ട്ടപ് മിഷന്, സ്പേസ് പാര്‍ക്ക്, ഐസിഫോസ്, ഐടി മിഷന്, ഐഐഐടിഎംകെ. എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി.
പദ്ധതികളിലൂടെയും സ്ഥാപനങ്ങളിലൂടെയും സൃഷ്ടിക്കപ്പെട്ട ബന്ധങ്ങള്‍ ഒടുവില്‍ വിനയായി. സ്പ്രിങ്ക്ളറും ബെവ്കോ ആപ്പും കെപിഎംജിയുമൊക്കെ വിവാദങ്ങള്‍ സൃഷ്ടിച്ചപ്പോഴും മുഖ്യമന്ത്രി കൈവിട്ടില്ല. പക്ഷേ, സ്വര്‍ണക്കടത്തിന് മുന്നില്‍ മുഖ്യമന്ത്രിക്ക് കൈവിടേണ്ടിവന്നു.
എസ്എസ്എല്‍സി പരീക്ഷയില്‍ രണ്ടാം റാങ്കോടെ ജയം നേടിയ ശിവശങ്കര്‍ പാലക്കാട് എന്‍എസ്എസ് എഞ്ചിനീയറിങ് കോളജില്‍ ബിടെക്കിന് ചേര്‍ന്നു. അവിടെ കോളജ് യൂണിയന് ചെയര്‍മാനായിരുന്നു.
ഗുജറാത്തിലെ ‘ഇര്‍മ’യില്‍നിന്നു റൂറല്‍ മാനേജ്മെന്റില്‍ പിജി ഡിപ്ലോമ നേടി. മികച്ച വിദ്യാര്‍ഥിയെന്ന നിലയില്‍ അധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസ നേടി.
പഠന ശേഷം റിസര്‍വ് ബാങ്കില്‍ ഓഫീസറായിരുന്നു. പിന്നീട് റവന്യു വകുപ്പില്‍ ഡെപ്യൂട്ടി കലക്ടറായി ജോലി ലഭിച്ചു.1995ല്‍ ഐഎഎസ് ലഭിച്ചു. 2000 മാര്‍ച്ച് ഒന്നിന് ഐഎഎസില്‍ സ്ഥിരപ്പെടുത്തി.
മലപ്പുറം കലക്ടര്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് ശിവശങ്കര്‍ കാഴ്ചവച്ചത്.പിന്നീട് ടൂറിസം ഡയറക്ടര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, സെക്രട്ടറി, മരാമത്ത് സെക്രട്ടറി എന്നീ നിലകളില്‍ മികവു കാട്ടി.വിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയുമായിരിക്കെ, പൊതുവിദ്യാഭ്യാസ മേഖലയിലെ അനാരോഗ്യകരമായ പല പ്രവണതകള്‍ക്കും തടയിട്ടു.വെദ്യുതി ബോര്‍ഡ് ചെയര്‍മാനായിരിക്കെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ ഒപ്പുവച്ചു കൊണ്ടു സംസ്ഥാനത്ത് പവര്‍ കട്ട് ഒഴിവാക്കിയത് അദ്ദേഹത്തിന്റെ നേട്ടമായി.ശിവശങ്കര്‍ സ്പോര്‍ട്സ് സെക്രട്ടറിയായിരിക്കെയാണ് സംസ്ഥാനത്ത് മികച്ച രീതിയില്‍ ദേശീയ ഗെയിംസ് നടന്നത്.