Home KERALA എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊച്ചി: സിനിമാരംഗത്തും നാടകരംഗത്തും ഏറെ പ്രശസ്തനായ മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ വിടപറഞ്ഞു. 84 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ 3.30 നായിരുന്നു അന്ത്യം.

പള്ളുരുത്തിയിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത് സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. സിനിമകള്‍ക്കും പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും സംഗീതം നല്‍കി. 2017 ല്‍ ഭയാനകം എന്ന ചിത്രത്തിന് അദ്ദേഹത്തിന് മികച്ച സംഗീതസംവിധായകനുള്ള പുരസ്ക്കാരം ലഭിച്ചിരുന്നു.

യദുകുല രതിദേവനെവിടെ, പാടാത്തവീണയും, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മ ചിത്രത്തിൻ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിന് നല്‍കിയ സംഗീത സംവിധായകനായിരുന്നു അദ്ദേഹം.

അര നൂറ്റാണ്ടിലേറെയായി സംഗീതലോകത്തു നിറഞ്ഞുനില്‍ക്കുന്ന അര്‍ജുനന്‍ മാഷ്‌ 1936ല്‍ മാര്‍ച്ച്‌ 1ന്‌ ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത്‌ കൊച്ചുകുഞ്ഞിന്റയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായാണ്‌ ജനിച്ചത്‌. പള്ളിക്കുറ്റം എന്ന നാടകത്തിന്‌ സംഗീതം പകര്‍ന്നുകൊണ്ട്‌ സംഗീത ജീവിതം ആരംഭിക്കുന്നത്‌.

പിന്നീട്‌ മുന്നൂറോളം നാടകങ്ങളിലായി ഏകദേശം എണ്ണൂറോളം ഗാനങ്ങള്‍ക്ക്‌ സംഗീതസംവിധാനം നിര്‍വഹിച്ചു. സംഗീത സംവിധായകന്‍ ജി. ദേവരാജനുവേണ്ടി നിരവധി ഗാനങ്ങള്‍ക്കു ഹാര്‍മോണിയം വായിച്ചു. 1968ല്‍ “കറുത്ത പൗര്‍ണമി” എന്ന ചിത്രത്തിലൂടെയാണ്‌ സിനിമാ സംഗീത സംവിധാന രംഗത്ത്‌ അരങ്ങേറുന്നത്‌. വയലാര്‍, പി.ഭാസ്‌കരന്‍, ഒ. എന്‍.വി കുറുപ്പ്‌ എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ശ്രീകുമാരന്‍ തമ്പി-എം.കെ. അര്‍ജുനന്‍ ടീമിന്റെ ഗാനങ്ങള്‍ വളരെയേറെ ജനപ്രീതി നേടി.

എ.ആര്‍. റഹ്‌മാന്‍ ആദ്യമായി കീബോര്‍ഡ്‌ വായിച്ച്‌ തുടങ്ങിയത്‌ അര്‍ജ്‌ജുനന്‍ മാസ്‌റ്ററുടെ കീഴിലായിരുന്നു. ഭയാനകം എന്ന ചിത്രത്തിന്‌ സംഗീതം നല്‍കിയ മാസ്‌റ്റര്‍ക്ക്‌ 2017 ലെ സംസ്‌ഥാന സര്‍ക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ്‌ ലഭിച്ചിരുന്നു.
പാടാത്ത വീണയും പാടും, കസ്‌തൂരി മണക്കുന്നല്ലോ, തുടങ്ങിയ ഗാനങ്ങള്‍ മലയാളികള്‍ക്ക്‌ സമ്മാനിച്ച അര്‍ജുനന്‍ മാസ്‌റ്റര്‍ 220 സിനിമകളിലായി 600 ലേറെ ഗാനങ്ങള്‍ ഒരുക്കി. ഈ വര്‍ഷവും മാസ്‌റ്റര്‍ നാടകങ്ങള്‍ക്കായി സംഗീതം ചിട്ടപ്പെടുത്തിയിരുന്നു.

1936 ഓഗസ്റ്റ് 25 ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത്‌ കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും മകനായി ജനിച്ച എം കെ അര്‍ജുനന്‍ ജീവിതപ്രാരാംബ്ദങ്ങളെ അതിജീവിച്ച് കഠിനാദ്ധ്വാനത്തിലൂടെ ഉയര്‍ന്നു വന്ന വ്യക്തിത്വമാണ്.

അഞ്ചു മക്കളുള്ള അദ്ദേഹം അവസാന കാലം കൊച്ചി പള്ളുരുത്തിയിലെ മകളുടെ വീട്ടിലാണ് ചെലവഴിച്ചത്. കോവിഡ് നിയന്ത്രണത്തി​ന്റെ പശ്ചാത്തലത്തില്‍ സംസ്ക്കാരചടങ്ങുകളും പൊതുദര്‍ശനവുമെല്ലാം ആള്‍ക്കൂട്ടം ഒഴിവാക്കിയുള്ള കര്‍ശന നിയന്ത്രണത്തിന് കീഴിലാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here