തിരുവനന്തപുരം: നിലവിലെ വാര്‍ഡുകള്‍ വച്ച് തന്നെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഒക്ടോബറില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണം. പുതിയ നിയമം അനുശാസിക്കുന്ന വാര്‍ഡ് വിഭജനം പുതിയ സാഹചര്യത്തില്‍ പ്രായോഗികമല്ല. നിയമം മറി കടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരണമെന്നും കോടിയേരി വ്യക്തമാക്കി. കൊറോണ പ്രതിരോധത്തില്‍ മുന്‍നിരയില്‍ ആണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍. കേരളം പോലുള്ള സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് തള്ളി വിടുന്നത് ശരിയല്ല എന്നും കോടിയേരി ചൂണ്ടിക്കാട്ടി
.പുതിയ സാഹചര്യത്തില്‍ ഇതാദ്യമായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎം നിലപാട് വ്യക്തമാക്കുന്നത്. കൈരളി ടീവി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിനു നല്കിയ അഭിമുഖത്തില്‍ ആണ് കോടിയേരി ഇക്കാര്യങ്ങള്‍ പറഞ്ഞത്.നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടൊപ്പം നീങ്ങുമെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ പ്രതിപക്ഷം ലക്ഷ്യമിട്ടത് തരംതാണ രാഷ്ട്രീയം ആണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ ഏശാതെ വന്നപ്പോഴാണ് കുടുംബത്തെ വലിച്ചിഴച്ചത്. ഇത്തരം രാഷ്ട്രീയത്തോട് സിപിഐഎമ്മിന് എന്നും എതിര്‍പ്പാണ്. കെ കരുണാകരനെ പിന്തുടര്ന്ന് വേട്ടയാടിയവര്‍ ആണ് ഇന്നു കോണ്‍ഗ്രസിന്റെ അമരത്ത്. അവരില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.
ബിജെപിയുടെ ബി ടീം ആണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് എന്ന് കോടിയേരി ആരോപിച്ചു. സ്പ്രിങ്ക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇരു പാര്‍ട്ടികളും ഒത്തു കളിച്ചു. രമേഷ് ചെന്നിത്തലയുടെ ഹര്‍ജിക്ക് പിന്തുണ നല്‍കും വിധമാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് എടുത്തത്. രമേശ്
ചെന്നിത്തല -വി മുരളീധരന് കൂട്ടുകെട്ടാണ് പ്രതിപക്ഷത്തെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. ബിജെപി സംസ്ഥാന പ്രെസിഡന്റ്റ് കെ സുരേന്ദ്രനെ മിണ്ടാന്‍ പോലും അനുവദിക്കാതെ കേന്ദ്ര മന്ത്രി വി മുരളീധരന് ദൈനംദിന രാഷ്ട്രീയ അഭിപ്രായങ്ങള്‍ നടത്തുക ആണെന്ന് കോടിയേരി പരിഹസിച്ചു.
മഹാമാരി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ വലിയ ഉത്തരവാദിത്വം ആണ് നല്‍കിയിരിക്കുന്നത്.പുതിയ വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ടി വരും. കേരളം സാമ്പത്തികമായി പ്രതിസന്ധിയില്‍ ആണെങ്കിലും കോവിഡിന് ശേഷമുള്ള കാലം ധാരാളം സാധ്യതകള്‍ തുറന്നിടുന്നുണ്ട്. ഇത് വിവാദങ്ങള്‍ മൂലം ഇല്ലാതാക്കരുതെന്നും കോടിയേരി അഭ്യര്‍ത്ഥിച്ചു