സഹായമായി ലഭിച്ച തുകയും വള്ളങ്ങളും സഹോദരിയും കുടുംബവും കൈക്കലാക്കിയെന്ന പരാതിയുമായി കുമരകം രാജപ്പന്. സഹോദരി, ഭര്‍ത്താവ്, മകന് എന്നിവര്‍ക്കെതിരെ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് രാജപ്പന് പരാതി നല്കി. പ്രധാനമന്ത്രിയുടെ മന് കി ബാത്ത് പരിപാടിയിലൂടെയാണ് രാജപ്പനെ കുറിച്ച് പുറംലോകം അറിയുന്നത്.
മന് കി ബാത്തില്‍ അഭിനന്ദനം ലഭിച്ച ശേഷം സഹായവാഗ്ദാനവുമായി നിരവധി സംഘടനകളും വ്യക്തികളും രാജപ്പനെ തേടിയെത്തിയിരുന്നു. കുമരകത്ത് ബാങ്ക് അക്കൗണ്ട് എടുത്ത രാജപ്പന് നോമിനിയായി സഹോദരിയെ വച്ചു. 21 ലക്ഷത്തോളം രൂപയാണ് അക്കൗണ്ടില്‍ എത്തിയത്. രണ്ട് വള്ളവും ഇദ്ദേഹത്തിന് ലഭിച്ചു. വികലാംഗനായ രാജപ്പനെ സംരക്ഷിച്ചിരുന്ന സഹോദരന്റെ കൂടെ വിടാതെ ഇദ്ദേഹത്തെ സഹോദരിയും കുടുംബവും ബലമായി തടഞ്ഞുവയ്ക്കുകയായിരുന്നു.
സ്വന്തമായി വസ്തു ഉണ്ടെങ്കില്‍ വീട് വച്ച് തരാമെന്ന് സന്നദ്ധ സംഘടനകള്‍ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് കുടുംബ വിഹിതത്തില്‍ നിന്ന് മൂന്ന് സെന്റ് വസ്തു സഹോദരങ്ങളോട് രാജപ്പന് ആവശ്യപ്പെട്ടു. എന്നാല്‍ പത്ത് ലക്ഷം രൂപ കിട്ടിയാലേ തരു എന്ന് സഹോദരി നിലപാട് എടുത്തു. പണം നല്കാന് രാജപ്പന് തയ്യാറായില്ല. ഇതേ തുടര്‍ന്ന് വഴക്ക് ഇട്ട സഹോദരി രാജപ്പന് അറിയാതെ ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷത്തില്‍ അധികം രൂപ പല തവണയായി പിന്‍വലിച്ചു. സംശയം തോന്നിയ രാജപ്പന് പിന്നീട് ബാങ്കില്‍ പോയി പരിശോധിച്ചപ്പോഴാണ് ഇത് ജോയിന്റ് അക്കൗണ്ട് ആണെന്ന് മനസ്സിലാക്കുന്നത്. സഹോദരിക്കും ഭര്‍ത്താവിനും മകനും എതിരെയാണ് രാജപ്പന് കേസ് നല്‍കിയത്.
കുഞ്ഞുവെള്ളത്തില്‍ മീനച്ചിലാറ്റിലെയും പരിസരത്തെ തോടുകളിലും നിറയുന്ന പ്ലാസ്റ്റിക് കുപ്പികളും വേസ്റ്റുകളും പെറുക്കിയെടുത്ത് വേമ്പനാട് കായലിനെ വൃത്തിയാക്കുന്ന രാജപ്പന് പോളിയോ ബാധിതനാണ്. 72 വയസ്സുള്ള രാജപ്പനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മന് കി ബാത്തില്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്ന് രാജ്യം മുഴുവന്‍ അറിയുകയും ചെയ്തു.