സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിയില്‍ പോരാളികളാകാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും മുന്നോട്ട് വരുന്നു. ഓക്സിജന്‍ ടാങ്കറുകള്‍ ഓടിക്കാന്‍ സന്നദ്ധരായാണ് ഇവര്‍ മുന്നോട്ട് വരുന്നത്. എറണാകുളം മോട്ടോര്‍ വകുപ്പിന്റെ കീഴില്‍ പരിശീലനം എടുത്ത ശേഷമാകും ഇവര്‍ ഓക്സിജന്‍ ടാങ്കറുകള്‍ ഓടിക്കാന്‍ തുടങ്ങുക. പാലക്കാട് ഡിപ്പോയില്‍ നിന്ന് 35ഉം എറണാകുളത്ത് നിന്നും 25 ഡ്രൈവര്‍മാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുക. ദ്രവീകൃത ഓക്സിജന്‍ ടാങ്കറുകള്‍ ഓടിക്കുന്നതിന് മതിയായ ഡ്രൈവര്‍മാര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ് കെഎസ്ആര്‍ടിസിയുടെ സഹായം ആവശ്യപ്പെട്ടത്. പാലക്കാട്ടുകള്ള പ്രധാന പ്ലാന്റില്‍ നിന്നും ദ്രവീകൃത ഓക്സിജന്‍ ടാങ്കറുകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എത്തണം. ആശുപത്രി ടാങ്കളുകളിലേക്ക് ഓക്സിജന്‍ പകര്‍ത്തുന്നതിനുള്ള പരിശീലനവും ഡ്രൈവര്‍മാര്‍ക്കും നല്‍കും. അമ്പത് കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ടാങ്കറുകള്‍ ഓടിക്കാന്‍ കഴിയില്ല. വിവിധ ജില്ലകളില്‍ ഓക്സിജന്‍ ക്ഷാമത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ തീരുമാനം. എത്രയും വേഗം ഓക്സിജന്‍ ആവശ്യമായ ആശുപത്രികളില്‍ എത്തിക്കേണ്ടതുണ്ട്. ആംബുലന്‍സ് ഓടിക്കാനും കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ നിലവില്‍ സംസ്ഥാനം ആശ്രയിക്കുന്നുണ്ട്. നിലവില്‍ മുപ്പത് ക്രയോജനിക് ടാങ്കറുകളാണ് കേരളത്തിലുള്ളത്. ഇതില്‍ മൂന്ന് ടാങ്കറുകള്‍ കൂടി അധികം വൈകാതെ ചേരും.