കൊല്ലം: മകളും ചെറുമകനും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി. കൊല്ലം പുത്തന്‍കുളം പറണ്ടക്കുളത്ത് കല്ലുവിള വീട്ടില്‍ കൊച്ചുപാര്‍വതി (88) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചുപാര്‍വതിയുടെ മകള്‍ ശാന്തകുമാരി (64) ചെറുമകന് സന്തോഷ് (43) എന്നിവരെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് കൊച്ചുപാര്‍വതി മരിച്ച വിവരം പൊലീസ് അറിയുന്നത്. വിവരം അറിഞ്ഞ് പോലീസ് കൊച്ചുപാര്‍വതിയുടെ വീട്ടില്‍ എത്തിയപ്പോള്‍ മൃതദേഹം സംസ്കരിക്കാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. അയല്‍വാസികളോട് വിവരം തിരക്കിയപ്പോള്‍ മൂവരും ചേര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായതായി പോലീസിനു വിവരം ലഭിച്ചു.
സംശയം തോന്നിയ പോലീസ് സംസ്കരണ ചടങ്ങുകള്‍ നിര്‍ത്തിവെപ്പിച്ചു. ഉടന്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റുകയും അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും ചെയ്തു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
തുടര്‍ന്ന് ശാന്തകുമാരിയെയും സന്തോഷിനെയും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു. ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. സന്തോഷ് കൊച്ചുപാര്‍വതിയെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകുന്നതിനിടെ തലയിടിച്ചതാണ് മരണകാരണം. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.