Home Top News പിണറായി ആര്‍ക്കെങ്കിലും വിധേയനെങ്കില്‍ അത് പാര്‍ട്ടിക്ക് മാത്രം;കോടിയേരി; ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ പ്രതിയല്ല; സെക്രട്ടറി...

പിണറായി ആര്‍ക്കെങ്കിലും വിധേയനെങ്കില്‍ അത് പാര്‍ട്ടിക്ക് മാത്രം;കോടിയേരി; ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ പ്രതിയല്ല; സെക്രട്ടറി സ്ഥാനമൊഴിയാന്‍ ബിനീഷിനെതിരായ കേസും കാരണമായെന്ന് കോടിയേരിയുടെ വെളിപ്പെടുത്തല്‍

 

തിരുവനന്തപുരം: മക്കള്‍ക്കെതിരെയുള്ള ആരോപണം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും തിരിച്ചടിയാവും എന്നതിനാലാണ് താന്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞതെന്ന് കോടിയേരി ബാലകൃഷ്ണന്‍. തന്റെ ആരോഗ്യപ്രശ്‌നങ്ങളും സ്ഥാനമൊഴിയാനുള്ള തീരുമാനത്തിലേക്ക് നയിച്ചുവെന്നും ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ പ്രതിയല്ല, മയക്കുമരുന്ന് കേസിലാണ് ബിനീഷിനെ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിച്ച എന്‍.സി.ബി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷിന്റെ പേരില്ല. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ബിനീഷ് നിലവില്‍ അന്വേഷണം നേരിടുന്നത് കേന്ദ്ര ഏജന്‍സികള്‍ക്ക് ആര്‍ക്കെതിരേയും ഇത്തരം കേസുകള്‍ മെനഞ്ഞെടുക്കാമെന്നും കോടിയേരി പറഞ്ഞു.
ഇതാദ്യമായാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിയാന്‍ ബിനീഷിനെതിരെയുള്ള കേസുകളും കാരണമായെന്ന് കോടിയേരി വെളിപ്പെടുത്തുന്നത്. കോടിയേരി സ്ഥാനമൊഴിഞ്ഞത് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണെന്നായിരുന്നു നേരത്തെ പാര്‍ട്ടിയുടെ വിശദീകരണം.
കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ വലിയ സ്വാധീനം നേടിയിട്ടുണ്ട്. മുഖ്യമന്ത്രിയാവും മുന്‍പുള്ള സ്ഥിതിയില്‍ അല്ല അദ്ദേഹം ഇപ്പോള്‍. രാജ്യം ശ്രദ്ധിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് ഇന്ന് പിണറായി വിജയന്‍. ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തോട് വലിയ മതിപ്പ് രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പലരും പല പേരുകളും ഇട്ട് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ എല്ലാവരും പരസ്പരം സംബോധന ചെയ്യുന്നത് സഖാവ് എന്നാണ്. ഞങ്ങളുടെ പാര്‍ട്ടിയുടേത് ഒരു കൂട്ടായ നേതൃത്വമാണ്. അതിന്റെ ഭാഗമാണ് പിണറായി വിജയനും.

അദ്ദേഹം ആര്‍ക്കെങ്കിലും വിധേയനാണെങ്കില്‍ അതു പാര്‍ട്ടിയോട് മാത്രമാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തു കാര്യം ചെയ്യും മുന്‍പ് അത് പാര്‍ട്ടിയില്‍ അവതരിപ്പിക്കും എന്നതാണ് പാര്‍ട്ടി അനുവാദം കൊടുത്താല്‍ അക്കാര്യവുമായി അദ്ദേഹം മുന്‍പോട്ടു പോകും. പാര്‍ട്ടി എതിരെങ്കില്‍ ആ പരിപാടി തന്നെ ഉപേക്ഷിക്കും. പിണറായി സഖാവില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത അതാണ് അദ്ദേഹം എപ്പോഴും പാര്‍ട്ടിക്ക് വിധേയനാണ്. വിഎസ്. മുഖ്യമന്ത്രിയായ കാലത്ത് പാര്‍ട്ടിയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അതെല്ലാം ഞങ്ങള്‍ തുറന്നു സമ്മതിച്ചാണ്. ഇന്ന് പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ല. പാര്‍ട്ടി ഒറ്റക്കെട്ടാണ്.
ബിനീഷിനെക്കുറിച്ച് ആദ്യമുണ്ടായത് മയക്കുമരുന്ന് കേസില്‍ പ്രതിയായെന്നാണ്. ബിനീഷ് പുകവലിക്കുന്നതോ മദ്യപിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. ആരു വേണലും പരിശോധിക്കട്ടേ ആര്‍ക്ക് മുന്നിലും ഹാജരാവാം എന്നാണ് ബിനീഷ് പറഞ്ഞത്. അങ്ങനെയാണ് ബിനീഷ് ഇഡിയുമായി സഹകരിച്ചത്. എന്നിട്ടും അറസ്റ്റ് ചെയ്തു. 14 ദിവസം കസ്റ്റഡിയില്‍ വച്ചു ചോദ്യം ചെയ്തു. എന്നിട്ടും മയക്കുമരുന്ന് ഉപയോ?ഗിച്ചതോ വിറ്റതോ ആയി കണ്ടെത്താനായില്ല. ഒടുവില്‍ നാര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അതില്‍ അവന്റെ പേരില്ല.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇപ്പോള്‍ ബിനീഷുള്ളത്. ബാങ്ക് വഴി രേഖസഹിതം ഒരാള്‍ക്ക് ഹോട്ടല്‍ തുടങ്ങാന്‍ പണം കൊടുത്തതിന്റെ പേരിലാണ് അവനെതിരെ കേസെടുത്തിരിക്കുന്നത്. അതില്‍ കര്‍ണാടക ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. ബിനീഷിന് മയക്കുമരുന്ന് വ്യാപാരാവുമായി ബന്ധമില്ലെന്ന് എന്‍സിബി തന്നെ വ്യക്തമാക്കി കഴിഞ്ഞു. പി.ചിന്ദബരത്തിനും, ഡികെ ശിവകുമാറിനും എതിരെ ഇതേപോലെ കേസെടുത്തിട്ടില്ലേ.. ? കേന്ദ്ര ഏജന്‍സികള്‍ക്ക് ആര്‍ക്കെതിരെ വേണമെങ്കിലും കേസെടുക്കാം.

ബിനീഷ് കുറ്റം ചെയ്‌തെങ്കില്‍ അന്വേഷിക്കട്ടെ, കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടേ, ഈ നിലപാട് തന്നെയാണ് അന്നും ഇന്നും ഞാന്‍ എടുത്തത്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറാനുള്ള തീരുമാനം താന്‍ എടുത്തതില്‍ ഈ വിവാദങ്ങളും ഒരു കാരണമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയും മുന്നണിയും പോകുന്ന ഘട്ടത്തില്‍ താന്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ല എന്നതിനാലാണ് സ്ഥാനമൊഴിഞ്ഞത്. ഇതോടൊപ്പം ആരോഗ്യപ്രശ്‌നങ്ങളും ആ തീരുമാനത്തെ സ്വാധീനിച്ചു.

സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ എന്റെ ഭാര്യ വിനോദിനി കൈപ്പറ്റി എന്നു പറഞ്ഞാണ് ഐഫോണ്‍ വിവാദം തുടങ്ങിയത്. താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്നും വിനോദിനിയെ കണ്ടിട്ടില്ലെന്നും കോടിയേരിയെ തനിക്ക് പരിചയമില്ലെന്നും സന്തോഷ് ഈപ്പന്‍ തന്നെ വ്യക്തമാക്കി. ഇതോടെ വിനോദിനി പൊലീസിന് പരാതി നല്‍കി. അന്വേഷണത്തില്‍ അതൊരു കെട്ടുക്കഥ മാത്രമാണെന്ന് വ്യക്തമായി. എന്തിനാണ് അങ്ങനെയൊരു കഥയുണ്ടാക്കിയത്.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി മെംബര്‍ എന്നത് ചെറിയ പദവിയില്ല. ആ പദവിയുള്ള നേതാവാണ് പി.ജയരാജന്‍. അദ്ദേഹം ഉത്തരവാദിത്തപ്പെട്ട നേതാവാണ്. കേരളത്തിലെ എല്ലാവര്‍ക്കും അദ്ദേഹത്തെ അറിയാം. പി.ജയരാജന്‍ തന്റെ എല്ലാ ഉത്തരവാദിത്തവും നല്ല രീതിയില്‍ നടപ്പാക്കുന്നുണ്ട്. തന്റെ പേരില്‍ ഒരു ആര്‍മിയുടെ ആവശ്യമില്ലെന്ന് പി.ജയരാജന്‍ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. ഇതിന് പിന്നില്‍ ചില കേന്ദ്രങ്ങളുണ്ടെന്ന് മനസിലാക്കി അദ്ദേഹം പരാതിയും കൊടുത്തു.

ഇനി മത്സരിക്കാനില്ലെന്ന ഇ.പി.ജയരാജന്റെ പ്രസ്താവന അതൃപ്തിയായി കാണേണ്ടതില്ല. എത്ര ഉന്നത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിക്കും പാര്‍ട്ടി തീരുമാനം ബാധകമാണ്. ഇപി വ്യക്തിപരമായ അഭിപ്രായം പറഞ്ഞതാണ്. കണ്ണൂര്‍ ജില്ലയുടെ ചുമതലയാണ് ഇപിക്ക് കൊടുത്തത്. അദ്ദേഹം അവിടെ സജീവമായി രം?ഗത്തുണ്ട്. അതിനാലാണ് അദ്ദേഹം ജില്ലയ്ക്ക് പുറത്ത് പ്രചരണത്തിന് ഇറങ്ങാത്തത്.
്.

LEAVE A REPLY

Please enter your comment!
Please enter your name here