Home POLITICS തലമുറ മാറ്റം സിപിഎം നേരത്തെ എടുത്ത തീരുമാനം; പുതിയ തലമുറയെ കൊണ്ടുവരണമെങ്കില്‍ നിയമസഭയില്‍ രണ്ടു ടേം...

തലമുറ മാറ്റം സിപിഎം നേരത്തെ എടുത്ത തീരുമാനം; പുതിയ തലമുറയെ കൊണ്ടുവരണമെങ്കില്‍ നിയമസഭയില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കണം.;കോടിയേരി ബാലകൃഷ്ണന്‍

 

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ സിപിഎമ്മില്‍ തലമുറ മാറ്റം തീരുമാനിച്ചതാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയവരെ മാറ്റി നിര്‍ത്തുന്നതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയോരി ബാലകൃഷ്ണന്‍. ഭരണം നടത്താന്‍ കഴിയുന്നവരായിരിക്കും പട്ടികയില്‍. ഇടതുപക്ഷഭരണത്തിനാണു തുടര്‍ച്ച വേണ്ടത്.
മന്ത്രിമാരോ എംഎല്‍എമാരോ അതേ പടി തുടരുക എന്നല്ല അതിന്റെ അര്‍ഥമെന്നും കോടിയേരി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ചുവെട

ഇതു മുന്നില്‍ കണ്ടു കേരളത്തിലെ സിപിഎം സ്ഥാനാര്‍ഥി നിര്‍ണയ പ്രക്രിയ നടന്നുവരികയാണ്.പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം തലമുറ മാറ്റത്തിനു പാര്‍ട്ടി ഒരുങ്ങുകയാണോ?

സിപിഎമ്മില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനു വേണ്ട ഉള്‍പ്പാര്‍ട്ടി ചര്‍ച്ച നടക്കുകയാണ്. അന്തിമ തീരുമാനം ആയിട്ടില്ല. പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കണം എന്നാണു സംസ്ഥാനകമ്മിറ്റി എടുത്ത പ്രധാന തീരുമാനം. പുതിയ തലമുറയെ കൊണ്ടുവരണമെങ്കില്‍ നിയമസഭയില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കണം. അക്കാര്യത്തില്‍ ആര്‍ക്കും ഇളവു കൊടുക്കാന്‍ സാധിക്കില്ല. സംസ്ഥാന കമ്മിറ്റി ഒരു മാസം മുന്‍പ് ഇക്കാര്യം ചര്‍ച്ച ചെയ്തു മാര്‍ഗനിര്‍ദേശം കൈമാറിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റും കമ്മിറ്റിയും നടത്തിയ ചര്‍ച്ചയില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കണം എന്നതില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചു. ചില സ്ഥലങ്ങളില്‍ ഇളവു കൊടുക്കണമെന്നു ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മാര്‍ഗനിര്‍ദേശം കര്‍ശനമായി നടപ്പാക്കി സ്ഥാനാര്‍ഥികളെ സംബന്ധിച്ച സംസ്ഥാനകമ്മിറ്റി നിര്‍ദേശം ചര്‍ച്ച ചെയ്യണം എന്നാണു ജില്ലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് എട്ടിനു ചേരുന്ന സെക്രട്ടേറിയറ്റ് യോഗമേ അന്തിമ തീരുമാനമെടുക്കൂ.

മുന്‍കാലങ്ങളിലും രണ്ടു ടേം വ്യവസ്ഥ ഉണ്ടായിരുന്നുവെങ്കിലും ഇളവുകള്‍ നല്‍കിയിരുന്നല്ലോ? കര്‍ശനമാക്കുന്നത് എന്തുകൊണ്ടാണ്?

രണ്ടു ടേം കര്‍ശനമാക്കാതെ വരുമ്പോള്‍ ഒരു മണ്ഡലത്തില്‍ ഒരേ ആള്‍തന്നെ തുടര്‍ച്ചയായി അഞ്ചും ആറും തവണ മത്സരിക്കുന്ന സ്ഥിതിയുണ്ടാകുന്നു. പുതിയ ആളുകള്‍ക്ക് അവസരം അപ്പോള്‍ കിട്ടില്ല. ഒരു വിഭാഗം സഖാക്കള്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ മാത്രമായി പോകുന്ന സ്ഥിതി വരും. സംഘടനയില്‍ ലോക്കല്‍ സെക്രട്ടറി മുതല്‍ അഖിലേന്ത്യാ സെക്രട്ടറി വരെയുള്ളവര്‍ക്കു മൂന്നു ടേം മാത്രമേ തുടരാന്‍ കഴിയൂ, അതായത് ഒന്‍പതു കൊല്ലം. പാര്‍ലമെന്ററി രംഗത്തു പക്ഷേ എത്ര കാലവും ആകാം എന്നതിനു മാറ്റം കൂടിയേ തീരൂ എന്നു ഞങ്ങള്‍ കണ്ടു. അല്ലെങ്കില്‍ ഒരു വിഭാഗം എപ്പോഴും പാര്‍ലമെന്ററി രംഗത്തും മറ്റൊരു വിഭാഗം എപ്പോഴും സംഘടനാ രംഗത്തും എന്ന അവസ്ഥ വരും. ഇതു രണ്ടും സംയോജിപ്പിക്കേണ്ട ഉത്തരവാദിത്തം കൂടി പാര്‍ട്ടിക്കുണ്ട്. പഞ്ചായത്തിലും നിയമസഭയിലും ജയിക്കണമെങ്കില്‍ പാര്‍ട്ടി സംഘടന ശക്തമാകണം. ഇപ്പോള്‍ പാര്‍ലമെന്ററി രംഗത്തുനിന്ന് ഒഴിവാക്കുന്നവരെ പിന്നീട് പരിഗണിക്കേണ്ടി വരും. എപ്പോഴും മാറി നില്‍ക്കുക എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ല്‍’ പരീക്ഷണം തുടരണം; പോരാട്ടങ്ങള്‍ പട്ടികയിലും പ്രതിഫലിക്കണം

‘ആലത്തൂര്‍ മോഡല്‍’ പരീക്ഷണം തുടരണം; പോരാട്ടങ്ങള്‍ പട്ടികയിലും പ്രതിഫലിക്കണം
വളരെ അനുഭവ സമ്പത്തുള്ള മന്ത്രിമാരെ അടക്കം മാറ്റി നിര്‍ത്തേണ്ടി വരുന്നത് തുടര്‍ ഭരണ മുദ്രാവാക്യത്തിനു സഹായകരമാണോ? ചില എതിര്‍പ്പുകള്‍ ഉയരുന്നുണ്ടല്ലോ?

പുതിയ ടീമിലും വിവിധ കഴിവുകള്‍ ഉള്ളവര്‍ ഉണ്ടാകും. അതു കൂടി കണക്കിലെടുത്താകും അന്തിമ പട്ടിക തയാറാക്കുക. മൊത്തം പട്ടിക നോക്കുമ്പോള്‍ അതു മികവുറ്റതായിരിക്കും. ഭരണം നടത്താന്‍ കഴിയുന്നവരായിരിക്കും പട്ടികയില്‍. ഇടതുപക്ഷഭരണത്തിനാണു തുടര്‍ച്ച വേണ്ടത്. മന്ത്രിമാരോ എംഎല്‍എമാരോ അതേ പടി തുടരുക എന്നല്ല അതിന്റെ അര്‍ഥം. ഒരേ ആളുകള്‍ തുടരുന്നതു ചില സ്ഥലത്തു ഗുണം ചെയ്യും, ചിലയിടത്തു ദോഷവും ഉണ്ടാക്കും. പാര്‍ട്ടിക്കു പൊതുവായ തീരുമാനം എടുക്കേണ്ടി വരും.

ഇളവുകള്‍ ജില്ലാകമ്മിറ്റികള്‍ ആവശ്യപ്പെട്ടാലും ഇനി പരിഗണിക്കില്ലെന്നാണോ?

മാനദണ്ഡത്തില്‍ ഉറച്ചു നിന്നു കൊണ്ടുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ജില്ലാകമ്മിറ്റികള്‍ക്കു നല്‍കിയ നിര്‍ദേശം. സ്വാഭാവികമായും അത്തരം നിര്‍ദേശങ്ങളേ വരൂ. അതു പാര്‍ട്ടി എടുത്തിരിക്കുന്ന ഒരു തീരുമാനമാണ്. അതിന്റെ അടിസ്ഥാനത്തിലേ തുടര്‍ നടപടികള്‍ ഉണ്ടാകൂ.

തുടര്‍ച്ചയായി ജയിക്കുക പക്ഷേ അയോഗ്യത അല്ലല്ലോ?

ജയിക്കുന്നത് ഒരു അയോഗ്യതയല്ല. അവര്‍ക്കു കിട്ടുന്ന അംഗീകാരമാണ്. പക്ഷേ രണ്ടു ടേം ജയിച്ചവര്‍ക്ക് ഒരു ടേം കൂടി കൊടുക്കുമ്പോള്‍ മൂന്ന് ആയി. പിന്നെ നാലും അഞ്ചും ആകാം. അപ്പോള്‍ വേറെ ആര്‍ക്കും അവസരം കിട്ടില്ല. ഇതാണു കോണ്‍ഗ്രസ് നേരിടുന്ന അവസ്ഥ. തുടര്‍ച്ചയായി ഒരേ ആളുകള്‍ ഒരേ മണ്ഡലത്തില്‍ നിന്നതിന്റെ അനുഭവങ്ങള്‍ ഞങ്ങള്‍ ബംഗാളിലും നേരിട്ടു.

പാര്‍ട്ടി മാനദണ്ഡത്തില്‍ ചില പഴുതുകളില്ലേ? തുടര്‍ച്ചയായി രണ്ടു തവണ ജയിച്ചവര്‍ക്കു മാറിക്കൊടുക്കേണ്ടി വരുന്നു. അതേ സമയം തോറ്റവര്‍, തുടര്‍ച്ചയായി മത്സരിക്കാന്‍ സാധിക്കാത്തവര്‍ എന്നിവര്‍ക്ക് വീണ്ടും അവസരവും നല്‍കുന്നു. ഇത് അപാകതയല്ലേ?

അത് അപാകതയല്ല. മാനദണ്ഡം നിശ്ചയിക്കുമ്പോള്‍ ഏതെങ്കിലും ഒന്നിലേ ഉറച്ചു നില്‍ക്കാന്‍ കഴിയൂ. പഴയതു കൂടി മാനദണ്ഡമാക്കിയാല്‍ ഒരു പാടു പേര്‍ക്കു മത്സരിക്കാന്‍ കഴിയാതെ വരും. അങ്ങനെ എല്ലാവരെയും മാറ്റാന്‍ തീരുമാനിച്ചാല്‍ ഉദ്ദേശിക്കുന്നതു പോലെ നല്ല നേതൃനിര ഉണ്ടായില്ലെന്നു വരും. നേരത്തേ നിയമസഭയിലും പാര്‍ലമെന്റിലും അംഗങ്ങളായിരുന്നവര്‍ പട്ടികയിലുണ്ട്. അനുഭവ സമ്പത്തു കൂടി വേണം എന്നതു കണക്കിലെടുത്താണ് അത്.

മൂന്നു തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ല എന്ന സിപിഐ തീരുമാനം സിപിഎമ്മിനെ സ്വാധീനിച്ചോ?

ഒരു പാര്‍ട്ടി എടുക്കുന്ന സമീപനം അതേ പടി ഞങ്ങള്‍ കോപ്പിയടിക്കാറില്ല. സിപിഐയ്ക്ക് അവരുടേതായ തീരുമാനം എടുക്കാം. ഞങ്ങള്‍ ഞങ്ങളുടേതായ തീരുമാനവും എടുത്തു. മറ്റു പാര്‍ട്ടികളില്‍ ഈ തീരുമാനം അടിച്ചേല്‍പ്പിക്കാനും ഉദ്ദേശിക്കുന്നില്ല. സിപിഐ എടുത്ത മൂന്നു ടേം നല്ല തീരുമാനം തന്നെയാണ്.

പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ സിപിഎം പട്ടികയില്‍ ഇടം നേടി എന്ന ആക്ഷേപം ഉണ്ടല്ലോ?

ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിയുടെ പേരു പുറത്തു വന്നതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നതില്‍ സാംഗത്യമില്ല. പാര്‍ട്ടിതീരുമാനമായി വരുമ്പോള്‍ മാത്രമേ നിലപാട് പറയേണ്ടതുള്ളൂ. ഇപ്പോള്‍ നിര്‍ദേശങ്ങള്‍ മാത്രമാണ്. അന്തിമ പട്ടിക വരുമ്പോള്‍ പാര്‍ട്ടിക്ക് ന്യായീകരിക്കാവുന്ന സ്ഥാനാര്‍ഥികള്‍ തന്നെയായിരിക്കും എല്ലായിടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here