ഇത്തവണത്തെ തെഞ്ഞൈടുപ്പില് മത്സരിക്കാനില്ലെന്ന് കോടിയേരി ബാലകൃഷ്ണന്. അത്തരമൊരു ഉദ്ദേശ്യം ഇപ്പോഴില്ല. വ്യക്തിപരമായ തീരുമാനമാണിത്. ബാക്കി പാര്‍ട്ടി പറയും. മാതൃഭൂമി ന്യൂസിന്
നല്കിയ അഭിമുഖത്തിലാണ് കോടിയേരി ഈക്കാര്യം വ്യക്തമാക്കിയത്.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം
? ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ എവിടെയെത്തി? സി.പി.എമ്മിന്റെ സ്ഥാനാര്‍ഥികള്‍ എപ്പോഴാവും?
* ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ തുടരുന്നു. ആ ചര്‍ച്ചകള്‍ പൂര്‍ത്തിയായി സീറ്റ് വിഭജനം കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ അതിലൊക്കെ തീരുമാനമാവും. വ്യക്തികളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളല്ല നടക്കുന്നത്.
? സി.പി.എം. സ്ഥാനാര്‍ഥികളുടെ കാര്യത്തിലുള്ള മാനദണ്ഡങ്ങള്‍?
* തുടര്‍ച്ചയായി രണ്ടുതവണ ജയിച്ചവര്‍ മാറും. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ചിലര്‍ക്ക് ഇളവുനല്‍കേണ്ടി വരും. ചില മണ്ഡലങ്ങളില്‍ വിജയസാധ്യതയാവും ഒരു ഘടകം. ഭാവിയില്‍ സര്‍ക്കാരിനെ നയിക്കാനാവുന്ന ടീമിനെ വേണം. എല്ലാഘടകങ്ങളും പരിഗണിച്ചാവും അത്. കഴിയുന്നത്ര പുതിയൊരു ടീമിനെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. അതില്‍ യുവാക്കളും പ്രൊഫഷണലുകളും സെലിബ്രിറ്റികളുമെല്ലാം കാണും.
? പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി കൈകോര്ക്കുന്നുണ്ടല്ലോ?
* കോണ്‍ഗ്രസ് മുക്തഭാരതമല്ല സി.പി.എം. ആഗ്രഹിക്കുന്നത്. മതനിരപേക്ഷത നിലനില്‍ക്കുന്ന ഭാരതമാണ് ഞങ്ങളുടെ ലക്ഷ്യം. കോണ്‍ഗ്രസുമായി സഹകരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയെ തോല്‍പ്പിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. ആര്.എസ്.എസ്. ഭരണത്തില്‍ വരാതിരിക്കണം. ഈ നിലപാട് കേരളത്തിലും ഇടതുമുന്നണിക്ക് ഗുണംചെയ്യും.
? ബി.ജെ.പിയോട് സി.പി.എമ്മിന് മൃദുസമീപനമാണെന്നാണല്ലോ കോണ്‍ഗ്രസിന്റെ ആക്ഷേപം?
* കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ സി.പി.എമ്മിനെ സഹായിക്കാമെന്നത് സംഘപരിവാറിന്റെ പ്രചാരണ വേലയാണ്. കേരളത്തില്‍ ആര്.എസ്.എസുമായി ഏറ്റുമുട്ടി അനേകം പ്രവര്‍ത്തകരെയാണ് സി.പി.എമ്മിന് നഷ്ടപ്പെട്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ അവരെ വിലക്കെടുക്കാന്‍ ബി.ജെ.പിക്ക് കഴിയും. കര്‍ണാടകയിലും മധ്യപ്രദേശിലും ഇപ്പോള്‍ പുതുച്ചേരിയിലുമൊക്കെ നാം അതാണ് കണ്ടത്. എന്നാല്‍ കേരളത്തില്‍ സി.പി.എം തകര്‍ന്നാലേ അവര്‍ക്ക് രക്ഷയുള്ളൂ. പശ്ചിമ ബംഗാളിലും ത്രിപുരയിലും സി.പി.എം. ക്ഷീണിച്ചപ്പോഴാണ് ബി.ജെ.പിക്ക് മുന്നേറാനായത്. കേരളത്തിന്റെ മതേതരസ്വഭാവം നിലനിര്‍ത്താനും അവരെ പരാജയപ്പെടുത്തണം.
? ശബരിമല വിഷയത്തില്‍ നേരത്തേ എടുത്ത നടപടികള്‍ ശരിയല്ലെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?
* അത്തരം ചിന്തകളൊന്നുമില്ല. അന്ന് കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമമാണ് നടന്നത്. അന്ന് ആദ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ആര്.എസ്.എസുമെല്ലാം ഈ ഉത്തരവിനെ സ്വാഗതംചെയ്തു. ഇപ്പോഴും ശബരിമലയില്‍ പ്രശ്നങ്ങളില്ലാത്തത് സര്‍ക്കാരിന്റെ ശരിയായ സമീപനം കാരണമാണ്. സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ വിധി വന്നാലും എല്ലാവരുമായും ചര്‍ച്ചചെയ്ത് അഭിപ്രായ സമന്വയത്തിലൂടെ പരിഹാരം കാണുമെന്നതാണ് ഞങ്ങളുടെ നിലപാട്.
കെ.എം. മാണിക്ക് എതിരേ നേരത്തേ നടത്തിയ പ്രസംഗങ്ങളെല്ലാം വരുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കില്ലേ?
* അതൊക്കെ ഓരോ കാലത്തെ രാഷ്ട്രീയ നിലപാടുകളാണ്. സി.പി.എമ്മും സി.പി.ഐയും പത്തുവര്‍ഷത്തോളം വിരുദ്ധ ചേരികളില്‍നിന്ന് എന്തെല്ലാം പരസ്പരം പറഞ്ഞു? ഒരു ഘട്ടത്തില്‍ സി.പി.എമ്മും ആര്.എസ്.പിയും തമ്മിലും എതിര്‍പ്പുണ്ടായി. അതത് കാലത്തെ രാഷ്ട്രീയമാണ് ഇത്തരം ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കും കാരണം.