Home Top News ഇന്ധനനികുതിയില്‍ ഇളവില്ല; യുഡിഎഫ് 13 തവണ വര്‍ധിപ്പിച്ചു, ഇടതുസര്‍ക്കാര്‍ കുറച്ചു

ഇന്ധനനികുതിയില്‍ ഇളവില്ല; യുഡിഎഫ് 13 തവണ വര്‍ധിപ്പിച്ചു, ഇടതുസര്‍ക്കാര്‍ കുറച്ചു

തിരുവനന്തപുരം: ഇന്ധനനികുതിയില്‍ ഇളവ് നല്‍കാനാകില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി കേരളവും വില കുറച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പ്രതിപക്ഷം ബിജെപിയെ സഹായിക്കുകയാണെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും ഒരു തവണ കുറയ്ക്കുകയാണു ചെയ്തതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍ ഓയില്‍ പൂള്‍ അക്കൗണ്ട് എന്ന സംവിധാനം ഉണ്ടായിരുന്നു. സബ്സിഡി നല്‍കിക്കൊണ്ട് പെട്രോള്‍ വില നിശ്ചിത നിരക്കില്‍ നിലനിര്‍ത്താനുള്ള സംവിധാനമായിരുന്നു ഇത്. ഈ സംവിധാനം എടുത്തുകളഞ്ഞത് മന്‍മോഹന്‍ സിങ് ആണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രം അനിയന്ത്രിതമായി സ്പെഷ്യല്‍ എക്സൈസ് തീരുവ കൂട്ടിയതാണ് വില കൂടാനുള്ള പ്രധാന കാരണം. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയര്‍ത്തിയെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തില്‍ ശതമാന അടിസ്ഥാനത്തിലാണ് ഇന്ധനവില കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വില കുറച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 32.9 രൂപയാണ് നികുതി. ഡീസലിന് 31.8 രൂപ. കേരളത്തില്‍ 30.08 ശതമാനം ആണ് പെട്രോളിന്റെ നികുതി ഘടന. ഡീസലിന് 22.76 ശതമാനം. കേന്ദ്രത്തില്‍ വിലകൂടുമ്പോള്‍ നികുതി കൂടുകയും കുറയുമ്പോള്‍ നികുതി കുറയുകയും ചെയ്യുന്നതാണ് ഇവിടുത്തെ രീതി. ഇതനുസരിച്ച് 2.30 രൂപ ഡീസലിനും 1.60 രൂപ പെട്രോളിനും സംസ്ഥാനത്ത് കുറഞ്ഞു.

ഇന്ധനവില കൂടുന്നതിനു മൂന്നു കാരണങ്ങളാണുള്ളതെന്നു മന്ത്രി പറഞ്ഞു. പെട്രോള്‍ വില നിര്‍ണയ അധികാരം കമ്പോളത്തിനു യുപിഎ സര്‍ക്കാര്‍ വിട്ടു കൊടുത്തു. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ വില കുറഞ്ഞപ്പോഴും രാജ്യത്ത് വില കുറഞ്ഞില്ല. പെട്രോളിന്റെ നിയന്ത്രണാധികാരം കേന്ദ്രത്തിനായിരുന്നു. ഓയില്‍പൂള്‍ അക്കൗണ്ട് എന്ന ഫണ്ട് കേന്ദ്രത്തിനുണ്ടായിരുന്നു. പെട്രോളിയം വില പിടിച്ചു നിര്‍ത്താന്‍ അക്കൗണ്ടില്‍നിന്ന് സബ്‌സിഡി കൊടുക്കുന്നതായിരുന്നു രീതി. 2002ല്‍ മന്‍മോഹന്‍സിങ് ഇതു നിര്‍ത്തലാക്കി. കേന്ദ്രം അനിയന്ത്രിതമായി സ്‌പെഷല്‍ എക്‌സൈസ് ഡ്യൂട്ടി ഈടാക്കുന്നതാണ് വിലക്കയറ്റത്തിനു മറ്റൊരു കാരണം. പെട്രോളിനു ഒരു ലീറ്ററിന് 8.1 രൂപ എക്‌സൈസ് നികുതി ഉണ്ടായിരുന്നത് 31 രൂപയാക്കി കേന്ദ്രം ഉയര്‍ത്തി. ഡീസലിന് 2.10 രൂപയായിരുന്നത് 30 രൂപയായി. 15 ഇരട്ടിയിലധികം നികുതി വര്‍ധിച്ചു.

2018ല്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 80.08 ഡോളറായിരുന്നു. കേന്ദ്ര എക്‌സൈസ് നികുതി 17.98രൂപ. 2020 മെയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 30 ഡോളറായി. കേന്ദ്രം നികുതി 32.98 രൂപയാക്കി ഉയര്‍ത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഇതേരീതിയില്‍ 13 തവണ പെട്രോളിന്റെ നികുതി വര്‍ധിപ്പിച്ചതായും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here