കണ്ണൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞ ദിവസമാണ് ഷാജിക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഷാജിയുടെ കണ്ണൂരും കോഴിക്കോടുമുള്ള വീടുകളില്‍ വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച റെയ്ഡ് രാത്രി പതിനൊന്ന് മണിയോടെ അവസാനിച്ചു.
ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുള്ളതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 166 ശതമാനം വര്‍ധനവുണ്ടായതായാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. 2011 മുതല്‍ 2020 വരെയുള്ള കണക്കാണ് വിജിലന്‍സ് പരിശോധിച്ചത്. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം വിജിലന്‍സ് പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്ന് കെ.എം ഷാജി പ്രതികരിച്ചു. ബന്ധുവിന്റെ ഭൂമി ആവശ്യത്തിനുള്ള പണമാണിതെന്ന് അദ്ദേഹം വിജിലന്‍സിനെ അറിയിച്ചു. പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ സാവകാശം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.