ബെംഗലൂരു നഗരത്തില്‍ മൂന്ന് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും എത്തുന്ന കുട്ടികള്‍ കര്‍ശനമായി മാസ്ക് ധരിച്ചിരിക്കണം. ബൃഹദ് ബെംഗലൂരു മഹാനഗര പാലികെ ( ബിബിഎംപി) ആണ് പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചത്. ഓഗസ്റ്റ് ഒന്നിനും പതിനൊന്നിലും ഇടയില്‍ അഞ്ഞൂറില്‍ അധികം കുട്ടികള്‍ക്ക് ബെംഗലൂരുവില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശം. നഗരത്തിലെ കണ്ടെയ്ന്മെന്റ് സോണുകളില്‍ അമ്പത് ശതമാനത്തില്‍ അധികവും ഹൗസിംഗ് കോളനികളാണ്.
മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നഗരത്തിലെ താമസകേന്ദ്രങ്ങളിലേക്ക് എത്തുന്ന എല്ലാവര്ക്കും ആര്‍ടി പിസിആര്‍ നെഗറ്റീവ് ഫലവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ പിസിആര്‍ ടെസ്റ്റ് നടത്തുകയും റിപ്പോര്‍ട്ട് കിട്ടുന്നത് വരെ നിര്‍ബന്ധമായി ക്വാറന്റീനില്‍ ഇരിക്കുകയും വേണം. കോംപ്ലക്സുകളിലെ ജിമ്മുകളില്‍ അമ്പത് ശതമാനം ആളുകള്‍ക്ക് പ്രവേശനം അനുവദിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ വളര്‍ത്തുമൃഗങ്ങളെ പൊതുനിരത്തില്‍ കൊണ്ടു പോകാവു. കമ്മ്യൂണിറ്റി ഹാള്‍, ക്ലബ് ഹൗസുകകള് തുടങ്ങി ഇന്‍ഡോര്‍ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. കോംപ്ലക്സുകള്‍ക്ക് ഉള്ളില്‍ കൊറിയര്‍, ഡെലിവറി സര്‍വ്വീസുകള്‍ അനുവദിക്കില്ല. മെഡിക്കല്‍, പ്ലംബിംഗ്, ഇലക്ട്രിക്കല്‍, പാചകവാതക ഗ്യാസ്, കുടിവെള്ള വിതരണം തുടങ്ങിയവയ്ക്ക് അനുമതി നല്‍കും.