ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും ഏര്‍പ്പെടുത്തിയിട്ടും സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. മരണനിരക്ക് ആകട്ടെ ദിനംപ്രതി കൂടുന്ന അവസ്ഥയിലുമാണ്. തുടര്‍ച്ചയായ രണ്ടാം ദിനം 200ന് മുകളില്‍ മരണങ്ങള് കോവിഡ് മൂലം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മറ്റന്നാള്‍ വരെയുള്ള ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എല്ലാം തന്നെ ഉയര്‍ന്ന ടിപിആര്‍ നിരക്കില്‍ ബുദ്ധിമുട്ടുകയാണ്. തമിഴ്നാടും കര്‍ണാടകയും ലോക്ഡൗണ്‍ വീണ്ടും നീട്ടുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേരളവും സമാനമായി തീരുമാനമെടുക്കാനാണ് സാധ്യത. ടിപിആര്‍ പത്തില്‍ താഴാതെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശവും നിലവില്‍ ഉണ്ട്.
വിവിധ ഘട്ടങ്ങള്‍ ആയാവും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുക. ആള്‍ക്കൂട്ട സാധ്യതയുള്ളതൊന്നും ഇളവുകളില്‍ വരുത്തില്ല. ചടങ്ങുകള്‍ക്കും പൊതു പരിപാടികള്‍ക്കും ഒക്കെ നിലവിലെ വിലക്ക് തുടര്‍ന്നേക്കും. പൊലീസ് പരിശോധനയും തുടരും. പിന്നെയുള്ള സാധ്യത കണ്ടെയന്‍മെന്റ് സോണുകള്‍ തിരിച്ച് പരിശോധന കര്‍ശനമാക്കുക എന്നതാണ്. എന്നാല്‍ നിലവില്‍ ജില്ലകളില്‍ എല്ലാം തന്നെ അഞ്ചില്‍ കൂടുതല്‍ ടിപിആര്‍ നിലനില്‍ക്കുന്നതിനാല്‍ ലോക്ഡൗണ്‍ നീട്ടണം എന്ന പൊതു അഭിപ്രായമാകും സര്‍ക്കാര്‍ പരിഗണിക്കുക.