തിരുവനന്തപുരം: ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരും കൊറോണ പോസിറ്റീവ് ആകുന്നതിനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘം. രോഗലക്ഷണമില്ലാത്ത 18കാരിക്ക് പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. പന്തളം സ്വദേശിനിയായ പെണ്‍കുട്ടി 17ാം തിയ്യതി നാട്ടിലെത്തിയശേഷം 14 ദിവസം നിരീക്ഷണത്തില്‍ തുടര്‍ന്നു. വീണ്ടും നാല് ദിവസം കഴിഞ്ഞപ്പോഴാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴും പെണ്‍കുട്ടിയില്‍ രോഗ ലക്ഷണം പ്രകടമായിരുന്നില്ല. പെണ്‍കുട്ടി ഹോട്ട്സ് സ്പോട്ടായ നിസാമുദ്ദീനില്‍ നിന്ന് ട്രെയിനില്‍ കയറി എന്ന ഒറ്റക്കാരണത്താലാണ് പെണ്‍കുട്ടിയുടെ സാംപിള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.
അടൂര്‍ സ്വദേശിയായ ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ഇയാളും പരിശോധനയില്‍ കൊറോണ പോസിറ്റീവായി സ്ഥിരീകരിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ആകമാനം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ജില്ലയിലെ ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ടതാകും പുതിയ പഠനസംഘം.