Home Top News കേരളാ കര്‍ണ്ണാടക അതിര്‍ത്തി മണ്ണിട്ടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചവരില്‍ രണ്ട് ബിജപിക്കാരും; കര്‍ണാടകക്ക്...

കേരളാ കര്‍ണ്ണാടക അതിര്‍ത്തി മണ്ണിട്ടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചവരില്‍ രണ്ട് ബിജപിക്കാരും; കര്‍ണാടകക്ക് അനുകൂലമായി സംസാരിച്ചിരുന്ന ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്ത്; ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും പ്രതിഷേധം

കാസര്‍കോഡ്: കേരളാ കര്‍ണ്ണാടക അതിര്‍ത്തി കര്‍ണ്ണാടക സര്‍ക്കാര്‍ മണ്ണിട്ടു അടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചവരില്‍ രണ്ട് ബിജെപി പ്രാദേശിക നേതാക്കളും.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ ചികിത്സ കിട്ടാതെ വഴിയില്‍ മരിച്ചപ്പോള്‍ കര്‍ണാടകത്തിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കാസര്‍കോട്ടെ ബിജെപി പ്രവര്‍ത്തകര്‍.
കര്‍ണാടകവുമായുള്ള മദ്ധ്യസ്ഥ ചര്‍ച്ചക്ക് കേരളത്തിലെ ബിജെപി നേതാക്കള്‍ മുന്‍കൈയെടുക്കാത്തതിലും വന്‍ അമര്‍ഷമാണ് കാസര്‍ഗോട്ടെ ബിജെപിയില്‍.കര്‍ണാടകയിലെ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ഇപ്പോഴത്തെ കേരളത്തിലെ ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതുകൊണ്ട് അദ്ദേഹം ഈ വിഷയത്തില്‍ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്താല്‍ പ്രശ്‌നപരിഹാരം എളുപ്പമാകുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന സംസ്ഥാന നേതൃത്വത്തിതിനെതിരെ വലിയ പ്രതിഷേധവും ബിജെപിയില്‍ രൂപപ്പെടുന്നുണ്ട്.
ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും രണ്ട് പ്രധാന പ്രവര്‍ത്തകര്‍ അതിര്‍ത്തി അടച്ചതോടെ മതിയായ ചികിത്സ കിട്ടാതെ മരിച്ചിരുന്നു. ഇതോടെയാണ് ഇത്രയും ദിവസം അതിര്‍ത്തി അടച്ചതിനെ കുറിച്ച് കര്‍ണാടകക്ക് അനുകൂലമായി സംസാരിച്ചിരുന്ന ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു പതിറ്റാണ്ടോളമായി കെ സുരേന്ദ്രന്റെ പ്രവര്‍ത്തന മേഖല പൂര്‍ണമായും കാസര്‍കോഡായിരുന്നു. രണ്ട് തവണ കാസര്‍കോഡ് നിന്ന് ലോക്‌സഭയിലേക്കും മഞ്ചേശ്വരത്ത് നിന്ന് രണ്ട് തവണ നിയമസഭയിലേക്കും മത്സരിച്ച ആളാണ് കെ സുരേന്ദ്രന്‍. അദ്ദേഹം അദ്ധ്യക്ഷനായ ഉടന്‍ തന്നെയാണ് അതിര്‍ത്തി അടച്ച പ്രശ്‌നവുമുണ്ടായിരിക്കുന്നത്. അതേ സമയം രണ്ട് അര്‍എസ്എസ് നേതാക്കളാണ് ഇന്നലെ വരെ ചികിത്സ കിട്ടാതെ അതിര്‍ത്തിയില്‍ മരിച്ചത്. വിശ്വഹിന്ദു പരിഷത്ത് പ്രാദേശിക നേതാവും മഞ്ചേശ്വരം ഹൊസങ്കടി സ്വദേശിയുമായ രുദ്രപ്പ മേസ്ത്രി(60)യാണ് ഇന്നലെ മരിച്ചത്.

വിവിധ സംഘപരിവാര സംഘടനകളില്‍ പ്രധാന ചുമതലകള്‍ വഹിച്ച വ്യക്തിയാണ് മരണപ്പെട്ട രുദ്രപ്പ. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചു. വിഎച്ച്പിയുടെ ഫിസിക്കല്‍ ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഞ്ചേശ്വരം ഹൊസങ്കടിയില്‍ വിഎച്ച്പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പ സേവാ ഭജന മന്ദിരം ഭാരവാഹിയുമായിരുന്നു. കെ സുരേന്ദ്രന്‍ കാസര്‍കോട്ടെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോഴല്ലാം അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന മഞ്ചേശ്വരം ഹൊസബേട്ട ഗുഡക്കേരി ശേഖര്‍(49)ആണ് ഹൃദ്രോഗത്തെ തുടര്‍ന്ന് മാര്‍ച്ച് 31 ന് പുലര്‍ച്ചെ മരണപ്പെട്ടത്.

ഉത്തര കേരളത്തിലെ സംഘപരിവാറിന്റെ മുതിര്‍ന്ന നേതാവായിരുന്നു ശേഖര്‍. കെ സുരേന്ദ്രന്‍ ചെറിയ വോട്ടുവ്യത്യാസത്തിന് മഞ്ചേശ്വരത്ത് പരാജയപ്പെട്ട തെരഞ്ഞെടുപ്പിലടക്കം പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്ന ആളാണ് ശേഖര്‍. ഇത്തരത്തില്‍ അടുത്ത ബന്ധമുള്ള രണ്ട് ആര്‍എസ്എസ്, വിഎച്ച്പി നേതാക്കളടക്കം ചികിത്സ കിട്ടാതെ മരിച്ചതോടെയാണ് ബിജെപിക്കാരിലും അമര്‍ഷം ശക്തമാകുന്നത്. ഇതോടെ ഇനി ഇടപെടല്‍ അനിവാര്യമാണെന്ന വാദം ശക്തമാകുകയാണ്.

ഈ വിഷയം കാസര്‍കോട്ടെ ബിജെപിയില്‍ അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. നേരത്തെ തന്നെ വിഭാഗീയത നിലനില്‍ക്കുന്ന കാസര്‍കോഡ് ബിജെപിയില്‍ ഇത് പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് കരുതുന്നത്. ഔദ്യോഗിക വിഭാഗത്തിനെതിരെ കാസര്‍കോട്ട് കൃഷ്ണദാസ് പക്ഷം നേരത്തെ തന്നെ കരുക്കള്‍ നീക്കിത്തുടങ്ങിയിട്ടുണ്ട്. ആര്‍ എസ് എസില്‍ വലിയ അതൃപ്തിയാണ് ഈ വിഷയത്തിലുള്ളത്.
കര്‍ണാടകയിലേക്കുള്ള കേരളത്തില്‍ നിന്നുള്ള അതിര്‍ത്തികള്‍ കൊട്ടിയടച്ച കര്‍ണാടക സര്‍ക്കാറിന്റെ നടപടിയോട് കര്‍ണാടകയെ അുകൂലിക്കുന്ന നിലപാടായിരുന്നു ഇതുവരെ കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ എടുത്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here