കോഴിക്കോട്: നവമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 12 പേരെയാണ് കഴിഞ്ഞദിവസം സംസ്ഥാനത്തെ വിവിധയിടങ്ങളില്‍നിന്നായി പോലീസ് പിടികൂടിയത്. വാട്സാപ്പ്,ടെലഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളിലെ ഗ്രൂപ്പുകളിലൂടെയാണ് ഇവര്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിപ്പിച്ചത്. നേരത്തെ രണ്ടുതവണ ഓപ്പറേഷന് പി ഹണ്ടില്‍ നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വാട്സാപ്പ്,ടെലഗ്രാം അടക്കമുള്ള ആപ്ലിക്കേഷനുകളുടെ ഉപയോഗം സജീവമായതോടെയാണ് ഇത്തരം വീഡിയോകള്‍ ഇതുവഴി പ്രചരിക്കാന്‍ തുടങ്ങിയത്. വീഡിയോകള്‍ പങ്കുവെയ്ക്കാനും പ്രചരിപ്പിക്കാനും നിരവധി വാട്സാപ്പില്‍ നിരവധി അശ്ലീലഗ്രൂപ്പുകളും ടെലഗ്രാമില്‍ ഒട്ടേറെ ചാനലുകളുമാണുള്ളത്. ഇത്തരം ഗ്രൂപ്പുകളിലൂടെയാണ് കുട്ടികളുടെ അശ്ലീലദൃശ്യങ്ങളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്.
അശ്ലീല വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വാട്സാപ്പും ടെലഗ്രാം അടക്കമുള്ള നവമാധ്യമങ്ങളിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഈ ഗ്രൂപ്പുകള്‍ നിരീക്ഷിച്ചാണ് പോലീസ് സംഘം കഴിഞ്ഞദിവസം 12 പേരെ വിവിധയിടങ്ങളില്‍നിന്നായി പിടികൂടിയത്.
നീലക്കുറിഞ്ഞി,നീലക്കൊടുവേലി,അധോലോകം തുടങ്ങിയ പേരുകളിലാണ് ടെലഗ്രാം ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. മലയാളികള്‍ നിയന്ത്രിക്കുന്ന ഈ ചാനലുകളില്‍ രണ്ടുലക്ഷം പേരാണ് അംഗങ്ങളായുള്ളത്. ദിനംപ്രതി അനേകം വീഡിയോകളും ഈ ചാനലുകളിലൂടെ പ്രചരിപ്പിച്ചിരുന്നു. അതേസമയം, സൈബര്‍ പോലീസ് നിരീക്ഷണം ശക്തമാക്കി നടപടികള്‍ ഊര്‍ജിതമാക്കിയതോടെ മിക്ക ചാനലുകളില്‍നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നതായാണ് വിവരം. ഓപ്പറേഷന് പി ഹണ്ടിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ രണ്ടുലക്ഷം അംഗങ്ങള്‍ ഉണ്ടായിരുന്ന പല ചാനലുകളുടെയും അംഗസംഖ്യ വന്‍തോതില്‍ ഇടിഞ്ഞു.
പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കമുള്ള നിരവധി പേരാണ് ഈ ചാനലുകളില്‍ അംഗങ്ങളായിട്ടുള്ളത്. സ്വയം ചിത്രീകരിക്കുന്ന അശ്ലീല വീഡിയോകളും ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ദൃശ്യങ്ങളും ഈ ചാനലുകളില്‍ പ്രത്യക്ഷപ്പെടും. ഒരുവേളയില്‍ ടെലഗ്രാം ചാനലിന്റെ രണ്ടുലക്ഷം അംഗങ്ങളെന്ന പരിധി പിന്നിട്ടതോടെ പുതിയ ചാനലുകളും ആരംഭിച്ചിരുന്നു.
നേരത്തെ പൂമ്പാറ്റ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ടെലഗ്രാം ചാനലിലൂടെയും കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച അഷ്റഫലി എന്ന മലപ്പുറം സ്വദേശിയെ പിടികൂടുകയും ചെയ്തിരുന്നു. മുന്നൂറിലേറെ അംഗങ്ങളുണ്ടായിരുന്ന പൂമ്പാറ്റ ടെലഗ്രാം ചാനലില്‍ സ്വന്തം മകളുടെ ലൈംഗികത വരെ വിവരിക്കുകയും ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നവരുണ്ടെന്ന് അന്ന് പോലീസ് കണ്ടെത്തിയിരുന്നു.