Home POLITICS മത്സരത്തിനു കച്ചകെട്ടിയ നേതാക്കള്‍ അകത്തോ പുറത്തോ; കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നവരുടെ രഹസ്യപ്പട്ടിക തയാര്‍; 100 സ്ഥാനാര്‍ഥികളുടെ...

മത്സരത്തിനു കച്ചകെട്ടിയ നേതാക്കള്‍ അകത്തോ പുറത്തോ; കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നവരുടെ രഹസ്യപ്പട്ടിക തയാര്‍; 100 സ്ഥാനാര്‍ഥികളുടെ സാധ്യതാപ്പട്ടിക; 90 മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ് നേരിട്ടു മത്സരിക്കും; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ പൊതുസമ്മതരും പാര്‍ട്ടി സഹചാരികളും ലിസ്റ്റില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കേണ്ടവരുടെ രഹസ്യപ്പട്ടിക തയ്യാറായി.കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ പാര്‍ട്ടിയോട് അനുഭാവമുള്ളവരെയും പൊതുസമ്മതരായ പ്രമുഖരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയുന്നു. എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ നല്‍കിയ സാധ്യതാ സ്ഥാനാര്‍ഥികളുടെ ജനകീയതയും സ്വാധീനവും സര്‍വേയില്‍ പരിശോധിക്കപ്പെട്ടു.വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ എഐസിസി നേരിട്ടായിരുന്നു രഹസ്യ സര്‍വേ നടത്തിയത്. 100 സ്ഥാനാര്‍ഥികളുടെ സാധ്യതാപ്പട്ടിക തയാറായെന്നാണു വിവരം. ഇതില്‍ സൂക്ഷ്മ പരിശോധന തുടങ്ങി.
കൊല്‍ക്കത്ത, മുംബൈ, ബെംഗളുരു എന്നിവിടങ്ങളിലെ 3 ഏജന്‍സികളെയാണു സര്‍വേയ്ക്കായി ചുമതലപ്പെടുത്തിയിരുന്നത്.
ഡിസിസികള്‍, പാര്‍ലമെന്റംഗങ്ങള്‍, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി എന്നിവ മുന്നോട്ടു വയ്ക്കുന്ന പേരുകളും, 3 സര്‍വേ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാവും ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സംസ്ഥാന ജാഥ അവസാനിക്കുന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു കടക്കും.
കേരളത്തിലെ മുതിര്‍ന്ന ചില നേതാക്കളോടു മാത്രമാണു സര്‍വേയിലെ വിശദാംശങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. അധികാരത്തിലേറാന്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് 50 സീറ്റെങ്കിലും നേടണമെന്ന വിലയിരുത്തലില്‍, അതു മുന്നില്‍ക്കണ്ടാണു സാധ്യതാപട്ടിക തയാറാക്കിയത്. 90 മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ് നേരിട്ടു മത്സരിക്കുമെന്ന നിഗമനത്തിലാണ് 100 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാഥികളെ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്.
ഗ്രൂപ്പ്, വ്യക്തി താല്‍പര്യങ്ങള്‍ ഇക്കുറി ഇടം പിടിക്കില്ലെന്നു ഹൈക്കമാന്‍ഡ് വ്യക്തമാക്കിയ സാഹചര്യത്തില്‍ പല നേതാക്കളും സര്‍വേ റിപ്പോര്‍ട്ടിനെ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്. സര്‍വേ റിപ്പോര്‍ട്ട് മാത്രമായിരിക്കില്ല സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഖ്യ മാനദണ്ഡമെന്നു സംസ്ഥാന നേതൃത്വം സൂചിപ്പിക്കുന്നു. 20 സീറ്റിനു മുകളില്‍ നേടാന്‍ മുസ്‌ലിം ലീഗിനു സാധിക്കുമെന്നാണു ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടല്‍. കേരള കോണ്‍ഗ്രസ് (ജോസഫ്/ജേക്കബ്), ആര്‍എസ്പി, സിഎംപി അടക്കമുള്ള ഘടകകക്ഷികള്‍ നേടുന്ന സീറ്റുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ യുഡിഎഫിന് ഭരണം ഉറപ്പിക്കാനാകുമെന്നാണു പ്രതീക്ഷ. കോണ്‍ഗ്രസ് നിര്‍ബന്ധമായും ജയിക്കേണ്ട 50 മണ്ഡലങ്ങള്‍ കണ്ടെത്തി അവയെ എ ക്ലാസ് സീറ്റുകളായി പരിഗണിക്കും. കടുത്ത മത്സരം കാഴ്ചവച്ചാല്‍ ജയിക്കാവുന്ന സീറ്റുകളെ ബി ക്ലാസിലും എതിര്‍ കക്ഷികളുടെ കോട്ടകളെ സി ക്ലാസിലുമുള്‍പ്പെടുത്തും. 2016 ല്‍ പാര്‍ട്ടി ജയിച്ച 22 സീറ്റുകളും മികച്ച ജയസാധ്യതയുള്ള മറ്റു മണ്ഡലങ്ങളുമാണ് എ വിഭാഗത്തില്‍ വരിക.

LEAVE A REPLY

Please enter your comment!
Please enter your name here