Home NATIONAL കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിനുള്ള എം പി ക്വോട്ട ഉൾപ്പടെയുള്ള പ്രത്യേക ക്വോട്ടകൾ നിറുത്തലാക്കി.

കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിനുള്ള എം പി ക്വോട്ട ഉൾപ്പടെയുള്ള പ്രത്യേക ക്വോട്ടകൾ നിറുത്തലാക്കി.

ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിനുള്ള എം പി ക്വോട്ട ഉൾപ്പടെയുള്ള പ്രത്യേക ക്വോട്ടകൾ നിറുത്തലാക്കി. പ്രത്യേക ക്വോട്ടയിൽ പ്രവേശനം നൽകേണ്ടെന്ന് കേന്ദ്രീയ വിദ്യാലയ സങ്കതൻ ന്യൂഡൽഹി ആസ്ഥാനത്തു നിന്ന് എല്ലാ പ്രാദേശിക ഓഫീസുകളിലേക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എം പി ക്വോട്ട കൂടാതെ മറ്റ് 16 ഓളം പ്രത്യേക ക്വോട്ടകളും നിറുത്തലാക്കി.

എന്താണ് എംപി ക്വോട്ട?

പ്രതിരോധ അർദ്ധസൈനിക വിഭാഗം ഉൾപ്പടെയുള്ള അടിക്കടി സ്ഥലംമാറ്റം ലഭിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസം താറുമാറാകാതിരിക്കാനായി രണ്ടാം ശമ്പള കമ്മീഷന്റെ നിർദേശ പ്രകാരം 1963 ൽ ആരംഭിച്ച സ്‌കൂളുകളാണ് കേന്ദ്രീയ വിദ്യാലയങ്ങൾ. നിലവിൽ 1,200 കെ വി സ്‌കൂളുകളാണ് രാജ്യത്തുള്ളത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയ സങ്കതനാണ് സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല.

1975 ലാണ് ലോക്സഭയിലെയും രാജ്യസഭയിലെയും ഓരോ അംഗങ്ങളൾക്കും ഒരു നിശ്ചിത എണ്ണം വിദ്യാർത്ഥികളുടെ പ്രവേശനത്തനിനായി കെ വി സ്‌കൂളുകളിൽ എം പി ക്വോട്ട അനുവദിക്കുന്നത്. ഇതു പ്രകാരം ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ പ്രവേശനത്തിനായി എം പിമാർക്ക് അവരവരുടെ മണ്ഡലത്തിൽ നിന്ന് വിദ്യാർത്ഥികളെ ശുപാർശ ചെയ്യാം. മുമ്പ് ഒരു എം പിക്ക് ഒരേ അദ്ധ്യയന വർഷത്തിൽ തന്നെ രണ്ട് വിദ്യാർത്ഥികളെ മാത്രമേ ശുപാർശ ചെയ്യാൻ കഴിയുമായിരുന്നുള്ളു. ക്രമേണ ഈ വ്യവസ്ഥയിൽ മാറ്റം വരുത്തി വിദ്യാർത്ഥികളുടെ എണ്ണം ഉയർത്തി.

2011 ൽ പ്രവേശനം നേടാനാകുന്ന വിദ്യാർത്ഥികളുടെ എണ്ണം അഞ്ചായും, 2012 ൽ ആറായും ഒടുവിൽ 2016 ൽ അത് പത്തായും ഉയർത്തി. അതായത് ലോക്സഭയിലെയും (543) രാജ്യസഭയിലെയും (245) അംഗങ്ങളുടെ പേരിലുള്ള എം പി ക്വോട്ടയിലൂടെ ഓരോ വർഷവും 7880 വിദ്യാർത്ഥികൾക്ക് കെ വിയിലേക്ക് പ്രവേശനം നേടാൻ കഴിയും. ഇത് കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് ഓരോ അദ്ധ്യയന വർഷത്തിലും 450 വിദ്യാർത്ഥികളെയും കേന്ദ്രീയ വിദ്യാലയങ്ങളിലേക്ക് ശുപാർശ ചെയ്യാനാകുമായിരുന്നു. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ ഈ പ്രത്യേക ക്വോട്ട കഴിഞ്ഞ വർഷം നിർത്തലാക്കിയിരുന്നു.

എന്തുകൊണ്ട് നിറുത്തലാക്കി?

ഓരോ വർഷവും ക്വോട്ടയിൽ അനുവദിച്ചിരിക്കുന്നതിലും എണ്ണം കുട്ടികളെ മന്ത്രിമാരും എം പിമാരും ശുപാർശ ചെയ്തിരുന്നു. അവർക്കൊക്കെ പ്രവേശനം നൽകണമെന്നും അവർ ശഠിച്ചിരുന്നു. എം പി ക്വോട്ട 7880 സീറ്റ് ആണെന്നിരിക്കെ 2018-19 അദ്ധ്യയന വർഷത്തിൽ എം പി ക്വോട്ടയിലൂടെ പ്രവേശനം നേടിയത് 8164 കുട്ടികളാണ്. അതേസമയം, 450 സീറ്റ് മാത്രം അനുവദിച്ചിട്ടുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ശുപാർശയിൽ പ്രവേശനം നേടിയത് 9,402 പേരും.

ഈ അധിക പ്രവേശനം സ്‌കൂളിലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതത്തെ താറുമാറാക്കുന്നതാണ്. മാത്രമല്ല കെ വിയിൽ പഠിക്കാൻ അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പടുത്തുകയും ചെയ്യുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടു. ഇക്കാരണത്താൽ മുമ്പും പല വട്ടം ഈ പ്രത്യേക ക്വോട്ടകൾ നിർത്തലാക്കിയിരുന്നു. എങ്കിലും രാഷ്ട്രീയ സമ്മർദം മൂലം തിരിച്ചുകൊണ്ടു വരികെയായിരുന്നു.

ഇപ്പോൾ നിറുത്തലാക്കിയ പ്രത്യേക ക്വോട്ടകൾ ഏതൊക്കെ?

എം പിമാർക്ക്, വീട്ടിലെ ഏക പെൺകുട്ടിക്ക്, എം പിമാരുടെ മക്കൾക്കും ചെറുമക്കൾക്കും, കെ വി ജീവനക്കാരുടെയും വിരമിച്ചവരുടെയും മക്കൾക്കും ചെറുമക്കൾക്കും, സർവീസിലിരിക്കെ മരിച്ച കേന്ദ്രസർക്കാർ ജീവനക്കാരുടെ മക്കൾക്ക്, അശോക ചക്ര അടക്കമുള്ള ഉന്നത സൈനിക ബഹുമതികളും പൊലീസ് മെഡലുകളും ലഭിച്ചവരുടെ മക്കൾക്ക്, സംസ്ഥാനതല കായിക മത്സരങ്ങളിൽ ജയിക്കുന്നവർക്ക്, രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിക്കുന്ന സ്‌കൗട്ട്, ഗൈഡ്സ് കുട്ടികൾക്ക്, ധീരതയ്ക്കുള്ള അവാർഡ് ലഭിച്ച കുട്ടികൾക്ക്, ദേശീയ അദ്ധ്യാപക അവാർഡ് ജേതാക്കളുടെ കുട്ടികൾക്ക്, ദേശീയ തലത്തിൽ ഫൈൻ ആർട്സ് പുരസ്‌കാരം ലഭിച്ചവർക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here