തിരുവനന്തപുരം: പുതിയ ആഭ്യന്തര സീസണില്‍ നിശ്ചിത ഓവര്‍ മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ ഇന്ത്യന്‍ താരം കൂടിയായ റോബിന് ഉത്തപ്പ നയിക്കും. നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഉത്തപ്പയെ ക്യാപ്റ്റനായി തീരുമാനിച്ചുവെന്നും രഞ്ജി ട്രോഫിയുടെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചു.
കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച സച്ചിന് ബേബിക്ക് പകരമാണ് ഉത്തപ്പ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 24-ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലാകും ക്യാപ്റ്റനായുള്ള ഉത്തപ്പയുടെ അരങ്ങേറ്റം. തുടര്‍ന്ന് നവംബര്‍ എട്ടിന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റിലും ഉത്തപ്പ തന്നെ ടീമിനെ നയിക്കും. രഞ്ജിട്രോഫി ഡിസംബര്‍ ഒമ്പതിനും തുടങ്ങും.
അന്താരാഷ്ട്ര മത്സരപരിചയമാണ് ഉത്തപ്പയെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ നിര്‍ണായകമായ ഘടകം. കഴിഞ്ഞ സീസണില്‍ സച്ചിന് ബേബിയുടെ കീഴില്‍ കേരളം ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി സെമിഫൈനല്‍ കളിച്ചിരുന്നു. എന്നാല്‍ നിശ്ചിത ഓവര്‍ മത്സരങ്ങളിലെ ടീമിന്റെ പ്രകടനം ആശാവഹമായിരുന്നില്ല.
പ്രഥമ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റോബിന് ഉത്തപ്പ വരുന്ന ഈ സീസണിലാണ് കേരള ടീമിലെത്തിയത്. കേരളത്തില്‍ വേരുകളുള്ള കര്‍ണാടക സ്വദേശികൂടിയായ ഉത്തപ്പ സൗരാഷ്ട്ര ടീമില്‍ നിന്നാണ് കേരളത്തിനായി കളിക്കാനെത്തുന്നത്. കുടക് സ്വദേശി വേണു ഉത്തപ്പയുടെയും മലയാളിയായ റോസ്ലിന്റെയും മകനാണ് റോബിന് ഉത്തപ്പ.
ഇക്കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളത്തിലിറങ്ങിയ താരം 12 മത്സരങ്ങളില്‍ നിന്ന് 31.33 ശരാശരിയില്‍ 282 റണ്‍സെടുത്തിരുന്നു. ഇന്ത്യയ്ക്കായി 46 ഏകദിനങ്ങള്‍ കളിച്ച താരം ആറ് അര്‍ധ സെഞ്ചുറിയടക്കം 934 റണ്‍സ് നേടിയിട്ടുണ്ട്.