പത്തനംതിട്ട: ശബരിമല ഉള്‍വനാന്തരങ്ങളില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായ് കാഴ്ച നേത്രദാന സേന. ളാഹ മുതല്‍ പമ്പ വരെയുള്ള ഉള്‍വനങ്ങളില്‍ കഴിയുന്ന ‘ 41 കുടുംബങ്ങള്‍ക്കാണ് കാഴ്ചയുടെ സഹായം ലഭിച്ചത്.
കൊറാണക്കാലമായതോടെ പുറം ലോകവുമായി യാതൊരു ബന്ധവും ഇവര്ക്കില്ലാതായിരിക്കുകയാണ്. വനവിഭവങ്ങള്‍ ശേഖരിക്കാനോ ,വിറ്റഴിക്കാനോ കഴിയാത്ത സ്ഥിതിയുമാണ്. സര്‍ക്കാരിന്റെ റേഷന്‍ അരി മാത്രമാണ് ലഭിച്ചിരുന്നത്.പ്രായമായുള്ളവരും, കൊച്ചു കുട്ടികളും ഉള്‍പ്പെടെ നിരവധിയാളുകളാണ് ഇവിടെ കഴിയുന്നത്. നിത്യോപയോഗ
സാധനങ്ങള്‍ ഇല്ലാതായതോടെ ഈ കുടുംബങ്ങള്‍ പട്ടിണിയിലാണ്.കാട്ടു തേന്‍, കുന്തിരക്കം തുടങ്ങിയവ ശേഖരിച്ചാണ് ഇവര്‍ ജീവിത മാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്.
ഇവര്‍ക്ക് ആവശ്യമായ പലവ്യഞ്ജനങ്ങളും, പച്ചക്കറികളും, നിത്യോപയോഗ സാധനങ്ങുമായി നേരിട്ട് ഇവര്‍ കഴിയുന്ന ടാര്‍പോളിന്‍ വലിച്ചു കെട്ടിയ ഷെഡുകളിലെത്തി വിതരണം ചെയ്തത്. കാഴ്ച നേത്രദാനസേന ജനറല്‍ സെക്രട്ടറിയും, കേരള പി.എസ്.സി അംഗവുമായ റോഷന് റോയി മാത്യുവിന്റെ നേതൃത്വത്തിലാണ് വിതരണം.സി.എസ് സുകുമാരന്‍, രജിത്ത് രാജ്, പി.കെ കുഞ്ഞുമോള്‍, അനു ടി. ശാമുവേല്‍, ഷിജു എം.സാംസണ് എന്നിവരും സന്നിഹിതരായിരുന്നു.
മരണ ശേഷം കണ്ണുകള്‍ ദാനമായി നല്‍കുന്നവരുടെ കൂട്ടായ്മയാണ് കാഴ്ച നേത്രദാനസേന. കാഴ്ചയില്‍ അംഗങ്ങളായ 13 പേര് മരണമടയുകയും അതിലൂടെ 26 അന്ധരായ ആളുകള്‍ക്ക് കാഴ്ച നല്കുവാനും കഴിഞ്ഞു.ചലച്ചിത്ര താരങ്ങളായ കമലഹാസന്, മമ്മൂട്ടി, മജീഷ്യന്‍ സാമ്രാജ്, തമിഴ് നോവലിസ്റ്റ് ചാരു നിവേദിത, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടങ്ങി 5121 പേര് മരണ ശേഷം കണ്ണുകള്‍ ദാനമായി നല്കുവാന് തയ്യാറായി കാഴ്ചയില്‍ അംഗങ്ങളാണ്. മധുരൈ അരവിന്ദ് ആശുപത്രിയുടെ സഹകരണത്തോടെ എല്ലാം മാസവും ജില്ലയിലുടനീളം സൗജന്യ നേത്രചികിത്സാ ക്യാമ്പും, തിമിര ശസ്ത്രക്രിയയും നടത്തി വരുന്നു.8641 പേര്‍ക്ക് തിമിര ശസ്ത്രക്രിയയും, 76849 പേര്‍ക്ക് സൗജന്യ നേത്ര ചികിത്സയും നടത്തിയിട്ടുണ്ട്. കാഴ്ചയില്‍ അംഗങ്ങളാകുവാന്‍ അംഗത്വ ഫീസോ, മാസ വരിയോ ഇല്ല. മരണ ശേഷം കണ്ണുകള്‍ ദാനമായി നല്കുവാന് തയ്യാറാകുന്ന ഏതൊരു വ്യക്തിക്കും കാഴ്ചയില്‍ അംഗങ്ങളാകാം.
www.kazcha.org എന്ന വെബ് സൈറ്റിലൂടെയും മരണശേഷം കണ്ണുകള്‍ ദാനമായി നല്കുവാനുള്ള സമ്മതപത്രം നല്‍കാം..