കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് കാവ്യാ മാധവൻ ഇന്ന് ഹാജാരാകണം. ഇത് സംബന്ധിച്ച നോട്ടീസ് ക്രൈംബ്രാഞ്ച് കാവ്യക്ക് കൈമാറി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത് . വീട്ടിൽ വച്ച് ചോദ്യം ചെയ്യാനാകില്ലെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. വീടിന് പകരം സൗകര്യപ്രദമായ മറ്റൊരു സ്ഥലം പറയാനും കാവ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. താമസസ്ഥലമോ സൗകര്യപ്രദമായ മറ്റേതെങ്കിലും സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടം, സ്റ്റേഷനിൽ വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ലു എന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്.
എന്നാൽ ഇതിനോട് കാവ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.പ്രൊജക്ടർ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങൾ കാണിച്ചും സംഭാഷണങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് അനുയോജ്യമായ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. അതേസമയം, കാവ്യയുടെ കൊച്ചി വെണ്ണലയിലെ ഫ്ലാറ്റിൽ വച്ച് ചോദ്യം ചെയ്യൽ നടക്കാനും സാദ്ധ്യതയുണ്ട്. ഇക്കാര്യം കുടുംബം പരിഗണിക്കുകയാണ്.ദിലീപിന്റെ സഹോദരൻ അനൂപിന്റെയും സഹോദരീ ഭർത്താവ് ടി എൻ സുരാജിന്റെയും വീട്ടിൽ അന്വേഷണ സംഘം നോട്ടീസ് പതിച്ചു. രാവിലെ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതോടെയാണ് വീടുകളിൽ നോട്ടീസ് പതിച്ചത്. എന്നാൽ ഇരുവരും സ്ഥലത്തില്ലെന്നും ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും അഭിഭാഷകർ അന്വേഷണ സംഘത്തെ അറിയിച്ചു.