കണ്ണൂര്‍: പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവായ സ്കൂള്‍ അധ്യാപകന് പിടിയിലായി. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും എന്‍ടിയു ജില്ലനേതാവുമായ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് കുനിയില്‍ പത്മരാജനെയാണ്(45) അറസ്റ്റ് ചെയ്തത്. പോക്സോ പ്രകാരം പാനൂര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ രക്ഷപ്പെട്ട പ്രതി ഒരുമാസമായി ഒളിവിലായിരുന്നു.
പാനൂരിനടുത്ത വിളക്കോട്ടൂരിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബുധനാഴ്ച പകലാണ് അറസ്റ്റ്. ഒളിവില്‍കഴിഞ്ഞ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പിന്തുടര്ന്ന്പിടിക്കുകയായിരുന്നു. പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരുന്നു.
പാലത്തായി സ്കൂളിലെ ഒമ്പതുവയസുകാരിയെയാണ് ഇതേ സ്കൂളിലെ അധ്യാപകനായ ബിജെപി നേതാവ് പീഡിപ്പിച്ചത്. അവധി ദിവസം സ്കൂളിലേക്ക് വിളിപ്പിച്ചും ശുചിമുറിയില്വെച്ചും പലവട്ടം പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ ഉമ്മയെയും കുട്ടിയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിതാവില്ലാത്ത കുട്ടി പ്രാണഭയത്താല്‍ സ്കൂളില്‍ പോക്ക് നിര്‍ത്തിയതോടെയാണ് പീഡനവിവരം പുറത്തുവന്നത്.
കഴിഞ്ഞ മാസം 16നാണ് തലശേരി ഡിവൈഎസ്പി ഓഫീസിലെത്തി ബന്ധുക്കപരാതി നല്‍കിയത്. വൈദ്യപരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. മജിസ്ട്രേട്ടറ്റും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
സ്കൂള്‍ അധ്യാപകനും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനുമായ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പത്മരാജന് നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സ്പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയെ സ്കൂളിലേക്ക് വിളിപ്പിച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. തലശ്ശേരി ഡിവൈഎസ്പിക്കാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസെടുത്തതിന് പിന്നാലെ പ്രതിയായ പത്മരാജന് ഒളിവില്‍ പോവുകയായിരുന്നു.
ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനായ പത്മരാജനെ കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസമായിട്ടും പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. പോലീസിന്റെ അലംഭാവത്തിനെതിരെ സാമൂഹികമാധ്യമങ്ങളിലടക്കം പ്രതിഷേധമുണ്ടായി. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലും പ്രതിഷേധ കമന്റുകള്‍ നിറഞ്ഞു. ഇതിനുപിന്നാലെയാണ് തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പോലീസ് പിടികൂടിയത്.