കണ്ണൂര്‍ : പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും ദയ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി നടത്തിവരുന്ന കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കമ്യൂണിറ്റി കിച്ചണിലേക്ക് കാനറ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് നേതൃത്വത്തില്‍ ഭക്ഷണ സാധനങ്ങള്‍ സംഭാവന ചെയ്തു. അരിയും പച്ചക്കറിയും ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കളാണ് നല്‍കിയത്. കാനറാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് ഭാരവാഹികളായ ഇ വി അരുണ്‍ കുമാര്‍, സരിന് സതീശന്, പി മനീഷ്, പി പി രാഹുല്‍,സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ എന്‍ റോയിക്ക് സാധനങ്ങള്‍ കൈമാറി. പരിയാരം മെഡിക്കല്‍ കോളേജ് എം പ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി ആര് ജിജേഷ്, ദയ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് സീബാ ബാലന്, മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ലേ സെക്രട്ടറി എം വൈ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്കും സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്കും കമ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം സൗജന്യമായി ഇപ്പോള്‍ നല്‍കുന്നുണ്ട്. രാവിലേയും ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയുമായി നാലുനേരമാണ് ദിവസവും സൗജന്യഭക്ഷണം നല്കി വരുന്നത്. ആശുപത്രിയിലുള്ള മറ്റ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചയൂണിന് 20 രൂപ തോതിലും ഭക്ഷണം നല്കി വരുന്നുണ്ട്. ആശുപത്രിയിലെ ജീവനക്കാരുടെ വിവിധ സംഘടനകളും ഡോക്ടര്‍ മാരും ഡി.വൈ.എഫ്.ഐ ഉള്‍പ്പടെയുള്ള സന്നദ്ധ സംഘടനകളുമെല്ലാം നിലവില്‍ കമ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനത്തിനായി സഹായിച്ച് വരുന്നുണ്ട്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഏറെ കഷ്ടപ്പെട്ട് ആശുപത്രിയിലെത്തുന്ന ഭക്ഷണം ആവശ്യമായ ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്കി വരുന്നുണ്ട്. ഭക്ഷണസാധനങ്ങള്‍ അനുവദിച്ച കാനറ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ദയ ചാരിറ്റബിള്‍ സൊസൈറ്റിയും നന്ദി അറിയിച്ചു.