പത്തനംതിട്ട: കനറ ബാങ്ക് പത്തനംതിട്ട ശാഖയിലെ സ്ഥിരനിക്ഷേപ അക്കൗണ്ടുകളില്‍നിന്ന് ജീവനക്കാരന് ഏഴ് കോടിരൂപ തട്ടിയെടുത്തു. ഓഫീസര്‍മാരുടെ പാസ്വേര്ഡ് ദുരുപയോഗംചെയ്താണ് വിവിധ അക്കൗണ്ടുകളില്‍നിന്ന് ഇയാള്‍ പണം തട്ടിയത്. ക്ലര്‍ക്കായ പത്തനാപുരം സ്വദേശി വിജീഷ് വര്‍ഗീസാണ് തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്കി. ഒരു കോടിയിലധികമുള്ള കവര്‍ച്ചയായതിനാല്‍ കേസ് സിബിഐക്ക് കൈമാമാറും.
വിമുക്ത ഭടനായ വിജീഷ് വര്‍ഗീസ് 2019 ലാണ് ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചത്. ഒരു ബാങ്ക് ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അക്കൗണ്ടിലെ പത്തുലക്ഷം രൂപ പിന്‍വലിച്ചത് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. മാനേജര്‍ വിശദീകരണം തേടിയപ്പോള്‍ അബദ്ധംസംഭവിച്ചതാണെന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഏഴുകോടി രൂപ പല അക്കൗണ്ടുകളില്‍നിന്ന് മാറ്റിയതായി കണ്ടെത്തിയത്. പ്രതിയുടെ ഭാര്യയുടെയും ബന്ധുക്കളുടെയും അടക്കം പല അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായി കണ്ടെത്തി. കുടുതല്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും ബാങ്ക് പരിശോധിക്കുന്നു.
ഇതിനിടെ വിജീഷ് ബാങ്കില്‍നിന്ന് മുങ്ങി കുടുംബത്തോടൊപ്പം ഒളിവില്‍പോയി. പത്തുലക്ഷം രൂപയുടെ തിരിമറി നടന്നതായാണ് ബാങ്ക് പരാതി നല്‍കിയിരിക്കുന്നതെന്ന് പത്തനംതിട്ട പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. മുമ്പ് സിന്‍ഡിക്കേറ്റ് ബാങ്കിന്റെതായിരുന്ന ശാഖയാണിത്.