Home KERALA കെ സ്വിഫ്‌ട് അപകടത്തിൽ വഴിത്തിരിവ് ; ആദ്യം ഇടിച്ചത് വാൻ; സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

കെ സ്വിഫ്‌ട് അപകടത്തിൽ വഴിത്തിരിവ് ; ആദ്യം ഇടിച്ചത് വാൻ; സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

തൃശൂർ: കെ സ്വിഫ്‌ട് ബസിടിച്ച് കാൽനടയാത്രക്കാരനായ തമിഴ്‌നാട് സ്വദേശി പരസ്വാമി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ബസല്ല ഒരു പിക്കപ്പ് വാനാണ് ആദ്യം ഇടിച്ചിട്ടത്. ഇടിയേറ്റുവീണ പരസ്വാമിയുടെ ശരീരത്തിലൂടെ ബസിന്റെ പിന്നിലെ ടയർ കയറിയിറങ്ങുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ബസാണ് അപകടമുണ്ടാക്കിയെന്ന തരത്തിലാണ് ആദ്യം വാർത്തവന്നത്. അപകടത്തിനുശേഷം ബസ് നിർത്താതെ പോയെന്നും റിപ്പോർട്ടുകൾ വന്നു.

പരസ്വാമിയുടെ കാലിലൂടെ ബസ് കയറിയിറങ്ങിയത് ഡ്രൈവർ അറിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസാണ് ഇയാളെ ആശുപത്രിയിൽ കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനാൽ അല്പ സമയത്തിനകം മരിക്കുകയായിരുന്നു. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു അപകടം.ഇക്കഴിഞ്ഞ പതിനൊന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഒഫ് ചെയ്തിനുശേഷം അപകട പരമ്പരകളാണ് സ്വിഫ്ട് ഉണ്ടാക്കിയത്. ഫ്ളാഗ് ഒഫ് ചെയ്ത് ഇരുപത്തിനാലുമണിക്കൂറിനിടെയാണ് ആദ്യരണ്ട് അപകടങ്ങളും ഉണ്ടായത്. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തുവച്ചായിരുന്നു ആദ്യത്തെ അപകടം. പിറ്റേദിവസം രാവിലെ പത്തരയോടെ കോട്ടയ്ക്കലിൽ വച്ചായിരുന്നു രണ്ടാമത്തെ അപകടം. മൂന്നാമത്തെ അപകടവും കോട്ടയ്ക്കലിൽ തന്നെയായിരുന്നു.

മൂന്ന് അപകടത്തിലും ബസിന് കേടുപാടുകളുണ്ടായിരുന്നു.ആദ്യ രണ്ട് അപകടങ്ങളും ഉണ്ടായതിൽ ഡ്രൈവർമാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചെറുതല്ലെന്ന അധികൃതരുടെ വിലയിരുത്തലിനെ തുടർന്ന് രണ്ട് ഡ്രൈവർമാരെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുകയാണ്. സ്വിഫ്ടിലെ ജീവനക്കാരെല്ലാം കരാര്‍ വ്യവസ്ഥയിലുള്ളവരാണ്. ഇവരിൽ ഭൂരിപക്ഷവും വോൾവോ ഉൾപ്പടെയുള്ള പുതുതലമുറ ബസുകൾ ഓടിച്ച് പരിചയമില്ലാത്തവരാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ബസുകൾ തുടരെത്തുടരെ അപകടത്തിൽപ്പെട്ടതും.

LEAVE A REPLY

Please enter your comment!
Please enter your name here