കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മൊഴി എടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ബിജെപി നേതാക്കളുടെ മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതായി പൊലീസ് കണ്ടെത്തി. അടുത്തയാഴ്ച സുരേന്ദ്രനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചേക്കും. മറ്റ് ബിജെപി നേതാക്കളുടെയും മൊഴിയെടുക്കാന്‍ അന്വേഷണസംഘം തയ്യാറാകുന്നതായാണ് സൂചന.
അതേ സമയം, കുഴല്‍പ്പണക്കേസില്‍ ബിജെപിക്ക് എതിരായ ആരോപണങ്ങള്‍ തള്ളി കെ. സുരേന്ദ്രന് ഇന്ന് രാവിലെ കോഴിക്കോട് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ബിജെപിക്കെതിരെ നുണപ്രചാരണവും കള്ളപ്രചാര വേലയും സിപിഎം മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് സുരേന്ദ്രന് ആരോപിച്ചത്. ആസൂത്രിതമായ കള്ള പ്രചാരണമാണ് കൊടകരയില്‍ നടന്ന പണം കവര്‍ച്ചാ കേസില്‍ നടക്കുന്നതെന്നും ബിജെപിക്ക് ഇതുമായി ബന്ധമില്ലെന്നും സുരേന്ദ്രന് പറഞ്ഞു.