Home Top News ജസ്ന തിരോധാനക്കേസ്: സിബിഐ അന്വേഷിക്കും

ജസ്ന തിരോധാനക്കേസ്: സിബിഐ അന്വേഷിക്കും

കൊച്ചി: ജസ്ന തിരോധാനക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.

അതേസമയം ജസ്ന തിരോധാനക്കേസില്‍ മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഹാജരായി കേസ് ഏറ്റെടുക്കാന്‍ സിബിഐ സന്നദ്ധനാണെന്ന് അറിയിച്ചു. ജസ്നയുടെ തിരോധാനം ഗൗരവമുള്ളതാണെന്നും അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ കേസിനുണ്ടെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

സിബിഐക്ക് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും ഇത് പരിഹരിക്കാനുള്ള ഇടപെടല്‍ ഉണ്ടാവണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ജzസ്‌ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 മുതലാണ് കാണാതായത്. പല ഘട്ടങ്ങളിലായി ഐജി മനോജ് ഏബ്രഹാം ഉള്‍പ്പടെയുള്ളവര്‍ കേസ് അന്വേഷിച്ചെങ്കിലും കാര്യമായ തുമ്പുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ജെസ്‌നയെ കണ്ടുത്തുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ചുലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യുന്ന സാഹചര്യവുമുണ്ടായി. നിരവധിപ്പേര്‍ ജെസ്‌നയെ കണ്ടെത്തിയതായി അറിയിച്ച് രംഗത്തു വന്നിരുന്നെങ്കിലും അന്വേഷണത്തില്‍ അത് ജെസ്‌നയല്ല എന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് അടുത്തിടെ വിരമിച്ച കുറ്റാന്വേഷണ വിദഗ്ധന്‍ കെ.ജി. സൈമണ്‍ പത്തനംതിട്ട പൊലീസ് മേധാവിയായതോടെ അന്വേഷണം ശക്തമാക്കിയിരുന്നു.

തുടര്‍ന്നാണ് ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിലയിലുള്ള വിവരങ്ങള്‍ പുറത്തു വന്നത്. ജെസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്ന് കെ.ജി. സൈമണ്‍ അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ജോലിയില്‍നിന്നു വിരമിച്ചിട്ടും ജെസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരാതായതോടെ വിവിധ സംഘടനകളും ജെനസ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സാങ്കേതിക പിഴവുകളെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ജെസ്‌നയുടെ സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തുന്നത്.

നേരത്തെ ജെസ്‌ന കേസില്‍ താന്‍ നല്‍കിയ വിവരങ്ങള്‍ പൊലീസ് അവഗണിച്ചെന്നും ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും പ്രതിഷേധമാണെന്നും അവകാശപ്പെട്ട് എരുമേലി സ്വദേശി രഘുനാഥന്‍ നായര്‍ ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിയോയില്‍ ഒഴിച്ചിരുന്നു. കേസ് പരിഗണിക്കുന്ന ബെഞ്ചിലുള്ള ജഡ്ജിക്കു നേരെ അല്ലായിരുന്നു ആക്രമണമെന്നതിനാല്‍ സംഭവവുമായി ബന്ധമില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here