Home Business ഇനി പലിശ ഉയരും

ഇനി പലിശ ഉയരും

കൊച്ചി ∙ പലിശ നിരക്കുകളുടെ പടികയറ്റം ആരംഭിക്കുകയായി. പണപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തോളം എത്തിയിരിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെപ്പോലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യ്‌ക്കും നിരക്കു വർധനയല്ലാതെ നിയന്ത്രണമാർഗമില്ല. ജൂൺ എട്ടിന് ആർബിഐ നടത്തുന്ന നയപ്രഖ്യാപനത്തിൽ 0.5% വരെ നിരക്കു വർധന പ്രതീക്ഷിക്കാമെന്നാണു സാമ്പത്തിക നിരീക്ഷകരുടെ പൊതുവായ അനുമാനം.

അസംസ്‌കൃത എണ്ണ വിലയിലുണ്ടായ വർധനയാണ് ആഗോളതലത്തിൽത്തന്നെ പണപ്പെരുപ്പത്തിന് ഇടയാക്കിയിരിക്കുന്നത്. പണപ്പെരുപ്പ നിയന്ത്രണത്തിനു പലിശ നിരക്കുകൾ കുത്തനെ ഉയർത്താൻ യുഎസ് ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ തീരുമാനമെടുത്തിട്ടും ആർബിഐ മടിച്ചതു സാമ്പത്തിക വളർച്ചയ്‌ക്കു തടസ്സമുണ്ടാകരുതെന്നു കരുതിയാണ്. എന്നാൽ പണപ്പെരുപ്പ നിരക്ക് 7.5% വരെ ഉയരുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്ന സാഹചര്യത്തിൽ നിലപാടു മാറ്റുകയല്ലാതെ വഴിയില്ല. ഉപഭോക്‌തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പത്തിന്റെ ആർബിഐ നിശ്‌ചയിച്ചിട്ടുള്ള ഉയർന്ന സഹന പരിധി ആറു ശതമാനം മാത്രമാണ്.

ഉപഭോക്‌തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കാണ് പലിശ നിരക്കു നിർണയത്തിന് ആർബിഐ ആശ്രയിക്കുന്ന പ്രധാന മാനദണ്ഡം. അതു 17 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 6.95 ശതമാനത്തിലാണ് ഇപ്പോൾ. മൊത്തവില സൂചിക അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പം 13 ശതമാനത്തിനു മുകളിലാണ്. ഇത്ര വലിയ വ്യത്യാസം ആശാസ്യമല്ല. ഇതു വ്യക്‌തമായൊരു സൂചന നൽകുന്നു: ഉപഭോക്‌തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഇനിയും വർധിക്കുമെന്ന സൂചന. ഈ സൂചനയാണ് ആർബിഐക്കു വെല്ലുവിളിയാകുന്നത്.

തെക്കുപടിഞ്ഞാറൻ കാലവർഷം  സാധാരണ നിലയിലായിരിക്കുമെന്ന കാലാവസ്‌ഥാവകുപ്പിന്റെ പ്രവചനം വിശ്വസിച്ചാൽപ്പോലും പല തരം വളങ്ങൾക്കും അനുഭവപ്പെടുന്ന കടുത്ത ക്ഷാമം ഭക്ഷ്യോൽപന്ന ഉൽപാദനത്തെ ബാധിച്ചേക്കുമെന്നു ഭയപ്പെടുന്നു. ഇതാകട്ടെ ഭക്ഷ്യോൽപന്ന വിലക്കയറ്റത്തിനാണ് ഇടയാക്കുക. ഇതും ആർബിഐയെ നിരക്കു വർധനയ്‌ക്കു പ്രേരിപ്പിക്കാൻ പോന്നതായിരിക്കും. ജൂണിലും ഓഗസ്‌റ്റിലും 0.25%  നിരക്കു വർധനയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗം പ്രതീക്ഷിക്കുന്നത്.

ആക്‌സിസ് ബാങ്കിന്റെ ചീഫ് ഇക്കോണമിസ്‌റ്റ് സൗഗത ഭട്ടാചാര്യ പറയുന്നത് ജൂണിൽ 0.5% വർധനയ്‌ക്കാണു സാധ്യത എന്നാണ്. ബാങ്ക് ഓഫ് അമേരിക്കയിലെ സാമ്പത്തിക വിദഗ്‌ധർ ജൂണിൽ 0.25% നിരക്കു വർധന പ്രതീക്ഷിക്കുന്നു. കോട്ടക് മഹീന്ദ്ര ബാങ്കിലെ  സാമ്പത്തിക വിദഗ്‌ധരും ഇതേ വർധനയാണു കണക്കാക്കുന്നത്. നിരക്കു വർധന ഭവന, വാഹന, വ്യക്‌തിഗത വായ്‌പയെടുത്തിട്ടുള്ളവർക്കും വായ്‌പയെടുക്കാൻപോകുന്നവർക്കും വ്യവസായ, വാണിജ്യ മേഖലകൾക്കും ആഘാതമാകും. എന്നാൽ പലിശ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവർക്ക് ഏറെ നാളുകൾക്കു ശേഷമെത്തുന്ന ആശ്വാസമായിരിക്കും അത്.

LEAVE A REPLY

Please enter your comment!
Please enter your name here