ഒന്നൊഴിയാതെ ഘടകകക്ഷി പാര്‍ട്ടികളിലെ ഭിന്നതയും പ്രശ്നങ്ങളും സിപിഎമ്മിനും എല്‍ഡിഎഫിനും തലവേദന സൃഷ്ടിക്കുന്നു. എന്‍സിപിയും ഫോണ്‍ വിവാദങ്ങളും മന്ത്രി എകെ ശശീന്ദ്രനെ പ്രതിരോധത്തിലാഴ്ത്തിയപ്പോള് മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ പരസ്യമായ പിന്തുണയുമായി രംഗത്തെത്തി. എന്നാല്‍ ഇപ്പോള്‍ ഐഎന്‍എല്‍ പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നത തെരുവുസംഘര്ഷത്തിലേക്ക് എത്തിയപ്പോള്‍ സിപിഎമ്മില്‍ അതൃപ്തിയാണ് ഉളവാക്കുന്നത്.
ഒരു സീറ്റ് മാത്രമാണ് ഐഎന്‍എല്‍ ഇത്തവണ വിജയിച്ചത്. മന്ത്രിസ്ഥാനവും ഇവര്‍ക്ക് ലഭിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെയുള്ള ആരോപണങ്ങളാണ് തര്‍ക്കത്തിലേക്ക് ഇന്ന് നയിച്ചത്. ഐഎന്‍എല്ലിന് അനുവദിച്ച പിഎസ്സി അംഗത്വം വിറ്റുവെന്ന റിപ്പോര്‍ട്ടും വന്നിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും ചര്‍ച്ച ആയി. ഇതിനിടയില്‍ പ്രശ്നങ്ങള്‍ ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി പാര്‍ട്ടി നേതാക്കളെ വിളിച്ചുവരുത്തി ചര്‍ച്ചയും നടത്തി.
മുഖ്യമന്ത്രിയുടെ താക്കീതിന് ശേഷവും ഇന്നുണ്ടായ സംഘര്‍ഷങ്ങളില്‍ സിപിഎമ്മിന് അമര്‍ഷം ആണ്. നേതാക്കളെ വീണ്ടും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചേക്കും. കൊച്ചിയില്‍ ആണ് ലോക്ക് ഡൗണ്‍ ലംഘിച്ച് ഐഎന്‍എല്‍ നേതാക്കള്‍ യോഗം ചേര്‍ന്നതും സംഘര്‍ഷം ഉണ്ടായതും. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ ഒഴിവാക്കി കേസെടുക്കാന്‍ നീക്കം ഉള്ളതായും റിപ്പോര്‍ട്ടുണ്ട്.